രേണുക വേണു|
Last Modified വെള്ളി, 17 നവംബര്‍ 2023 (15:31 IST)
ഏകദിന ലോകകപ്പിന് ശേഷം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയെ നയിക്കും. ഹാര്‍ദിക് പാണ്ഡ്യ പരുക്കില്‍ നിന്ന് മുക്തനാകാത്ത സാഹചര്യത്തിലാണ് സൂര്യകുമാറിനെ നായകനായി നിയോഗിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ 23 മുതല്‍ ഡിസംബര്‍ മൂന്ന് വരെയായി അഞ്ച് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയില്‍ ഉണ്ടാകുക.
ഏകദിന ലോകകപ്പ് ഫൈനലിന് ശേഷമായിരിക്കും ടീം പ്രഖ്യാപനം. ലോകകപ്പ് സ്‌ക്വാഡില്‍ ഭാഗമായ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, പ്രസിത് കൃഷ്ണ എന്നിവര്‍ മാത്രമായിരിക്കും ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ ഉണ്ടായിരിക്കുക. മറ്റ് താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിക്കും. മലയാളി താരം സഞ്ജു സാംസണ്‍ സ്‌ക്വാഡില്‍ ഇടം പിടിച്ചേക്കും.
രണ്ട് മാസത്തോളം ഹാര്‍ദിക്കിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് സൂര്യകുമാര്‍ യാദവിന് ക്യാപ്റ്റന്‍സി ചുമതല നല്‍കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ സൂര്യകുമാര്‍ ഉപനായകസ്ഥാനം വഹിച്ചിരുന്നു. അണ്ടര്‍ 23 ടീമിനേയും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനേയും നയിച്ചിട്ടുള്ള അനുഭവസമ്പത്ത് സൂര്യക്കുണ്ട്. യഷസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവരായിരിക്കും ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ഓപ്പണര്‍മാര്‍.