ഇത്രയും ഗതികെട്ട ടീം വേറെ ഉണ്ടാകില്ല ! ദക്ഷിണാഫ്രിക്കയ്ക്ക് സംഭവിച്ചത് അറിഞ്ഞോ

രേണുക വേണു| Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (10:33 IST)

പേരുകേട്ട ടീം ആയിട്ടും ഇതുവരെ ഒരു ലോകകപ്പില്‍ പോലും മുത്തമിടാന്‍ സാധിക്കാത്ത ടീമാണ് ദക്ഷിണാഫ്രിക്ക. നിര്‍ഭാഗ്യമാണ് പലപ്പോഴും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. ഇപ്പോള്‍ ഇതാ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി 20 ലോകകപ്പിലും മഴയുടെ രൂപത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി നേരിട്ടിരിക്കുന്നു.

ഗ്രൂപ്പ് 12 ലെ ആദ്യ മത്സരത്തില്‍ സിംബാബെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍. ദക്ഷിണാഫ്രിക്കയ്ക്ക് അനായാസം ജയിക്കാവുന്ന മത്സരം മഴ മൂലം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഇതോടെ രണ്ട് ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.

സിംബാബെയോട് ഉയര്‍ന്ന മാര്‍ജിനില്‍ ജയിച്ച് നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താനുള്ള ദക്ഷിണാഫ്രിക്കയുടെ മോഹത്തിനാണ് മഴ മൂലം തിരിച്ചടി നേരിടേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത സിംബാബെ ഒന്‍പത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സാണ് നേടിയത്. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം ഏഴ് ഓവറില്‍ 64 റണ്‍സായി പുനര്‍നിശ്ചയിച്ചിരുന്നു. വെറും മൂന്ന് ഓവറില്‍ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സ് നേടിയതാണ്. ആ സമയത്താണ് മഴ വീണ്ടും വില്ലനായത്. മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക വിജയത്തില്‍ നിന്ന് വെറും 13 റണ്‍സ് മാത്രം അകലെ !

പാക്കിസ്ഥാന്‍, ഇന്ത്യ തുടങ്ങിയ വമ്പന്‍മാരായി ഇനി ദക്ഷിണാഫ്രിക്കയ്ക്ക് കളിയുണ്ട്. ഇതില്‍ ഏതെങ്കിലും ടീമിനോട് തോറ്റാല്‍ ദക്ഷിണാഫ്രിക്കയുടെ കാര്യം തീരുമാനമാകും. സിംബാബെയ്‌ക്കെതിരായ മത്സരം ഫലം കാണാതെ പോയതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :