Shardul Thakur: 'അവനെ ആവശ്യ നേരത്ത് ഉപകരിക്കും'; ഏഷ്യാ കപ്പിലും ലോകകപ്പിലും സ്ഥാനം ഉറപ്പിച്ച് ശര്‍ദുല്‍ താക്കൂര്‍

ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം സീം ബൗളിങ് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ശര്‍ദുലിന് കഴിവുണ്ട്

രേണുക വേണു| Last Modified വ്യാഴം, 3 ഓഗസ്റ്റ് 2023 (11:44 IST)

Shardul Thakur: ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനും ഉള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിച്ച് ശര്‍ദുല്‍ താക്കൂര്‍. സീം ബൗളര്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും തിളങ്ങാന്‍ സാധിക്കുന്നതാണ് ശര്‍ദുലിന് മുന്‍തൂക്കം നല്‍കുന്നത്. എട്ടാം നമ്പര്‍ ബാറ്റര്‍ സ്ഥാനം ശര്‍ദുലിന് ഉറപ്പിച്ചു കഴിഞ്ഞു. ഇന്ത്യയുടെ മറ്റ് പേസര്‍മാര്‍ ബാറ്റിങ്ങില്‍ അത്ര മികവ് പുലര്‍ത്താത്തതാണ് ശര്‍ദുലിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. തരക്കേടില്ലാതെ ബാറ്റ് ചെയ്യുന്ന ശര്‍ദുല്‍ ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറിന് കൂടുതല്‍ കരുത്ത് പകരുമെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍.

ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം സീം ബൗളിങ് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ശര്‍ദുലിന് കഴിവുണ്ട്. ഇന്ത്യയുടെ വാലറ്റത്തേക്ക് വന്നാല്‍ അവസാന മൂന്ന് വിക്കറ്റുകള്‍ ബാറ്റിങ്ങില്‍ കാര്യമായ സംഭാവനകളൊന്നും നല്‍കുന്നില്ല. എന്നാല്‍ എട്ടാമനായി ശര്‍ദുല്‍ ഉണ്ടെങ്കില്‍ കൂട്ടത്തകര്‍ച്ച ഒഴിവാക്കാന്‍ കഴിയുമെന്നാണ് രാഹുല്‍ ദ്രാവിഡിന്റെയും നിരീക്ഷണം.

31 കാരനായ ശര്‍ദുല്‍ 38 ഏകദിനങ്ങളില്‍ നിന്ന് 6.17 ഇക്കോണമിയില്‍ 58 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 37 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ബാറ്റിങ്ങിലേക്ക് വന്നാല്‍ 23 ഇന്നിങ്‌സുകളില്‍ നിന്ന് 18.53 ശരാശരിയില്‍ 315 റണ്‍സ് നേടാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്. ഒരു അര്‍ധ സെഞ്ചുറിയും താരത്തിന്റെ പേരിലുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :