ഗംഭീർ എന്നെ അത്രയും വിശ്വസിച്ചു, 2 മത്സരങ്ങളിൽ ബാറ്റിംഗിൽ പരാജയമായപ്പോൾ ഞാൻ മുഖത്തേക്ക് നോക്കാൻ പോലും മടിച്ചു: സഞ്ജു സാംസൺ

Sanju Samson, Gambhir
Sanju Samson, Gambhir
അഭിറാം മനോഹർ| Last Modified ബുധന്‍, 23 ഒക്‌ടോബര്‍ 2024 (12:12 IST)
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ 2 ടി20 മത്സരങ്ങളില്‍ ബാറ്റിംഗില്‍ പരാജയമായതോടെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ മുഖത്തേക്ക് നോക്കാന്‍ താന്‍ മടിച്ചിരുന്നതായി വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. പരമ്പരയിലെ മൂന്നാം ടി20യില്‍ സെഞ്ചുറിയുമായി തിളങ്ങിയിരുന്നെങ്കിലും ആദ്യ മത്സരത്തില്‍ 29 റണ്‍സും രണ്ടാം മത്സരത്തില്‍ 10 റണ്‍സുമായിരുന്നു സഞ്ജു നേടിയത്.


പരിശീലകന്‍ തന്റെ കഴിവില്‍ വിശ്വാസം അര്‍പ്പിക്കുമ്പോള്‍ അത് ഉപയോഗപ്പെടുത്തന കഴിയണം. അവസരങ്ങള്‍ നല്‍കിയാല്‍ നിരാശപ്പെടുത്തില്ലെന്ന് ഗംഭീറിനെ മനസിലാക്കാന്‍ ഹൈദരാബാദിലെ പ്രകടനത്തോടെ തനിക്ക് സാധിച്ചെന്നും ജേര്‍ണലിസ്റ്റ് വിമല്‍കുമാറിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജു പറയുന്നു. തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും എന്റെ സമയം വരുമെന്ന് തന്നെ വിശ്വസിച്ചു. ഹൈദരാബാദില്‍ സെഞ്ചുറി നേടിയപ്പോള്‍ ഗംഭീര്‍ കയ്യടിക്കുന്നത് കണ്ടു. വലിയ സന്തോഷമാണ് അതുണ്ടാക്കിയത്.


ശ്രീലങ്കക്കെതിരായ പരമ്പരയില്‍ തീര്‍ത്തും പരാജയമായി ഇനി എന്ത് എന്ന അവസ്ഥയിലാണ് സഞ്ജു നാട്ടിലെത്തിയത്. എന്നാല്‍ ബംഗ്ലാദേശിനെതിരെ സഞ്ജുവിനെ ഓപ്പണറായി പരിഗണിക്കുന്നുവെന്നും 3 മത്സരങ്ങളിലും സ്ഥാനമുണ്ടാകുമെന്നും പരിശീലകന്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സഞ്ജുവിനെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പിലെത്തി സഞ്ജു പരിശീലനം നടത്തുകയായിരുന്നു. ആദ്യ 2 ടി20 മത്സരങ്ങളില്‍ നിരാശപ്പെടുത്തിയെങ്കിലും മൂന്നാം ടി20യില്‍ സെഞ്ചുറിയോടെ സഞ്ജു തന്റെ പ്രതിഭ തെളിയിക്കുകയും ടി20 ടീമില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :