അഭിറാം മനോഹർ|
Last Modified തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (11:04 IST)
വനിതാ ടി20 ലോകകപ്പില്‍ ആദ്യ വിജയം സ്വന്തമാക്കി ടീം ഇന്ത്യ. ഗ്രൂപ്പ് എയില്‍ പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ 6 വിക്കിന്റെ വിജയമായിരുന്നു ഇന്ത്യ നേടിയത്. ദുബായ് ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 106 റണ്‍സിന്റെ വിജയലക്ഷ്യം 18.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. 35 പന്തില്‍ 32 റണ്‍സ് നേടിയ ഷെഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജമീമ റോഡ്രിഗസ്(23), ഹര്‍മന്‍ പ്രീത് കൗര്‍(29) എന്നിവരും ഇന്ത്യന്‍ നിരയില്‍ തിളങ്ങി.
അതേസമയം മലയാളി താരമായ സജന സജീവനാണ് മത്സരത്തില്‍ ഇന്ത്യയുടെ വിജയറണ്‍ നേടിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിന് കഴുത്തുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പിന്‍മാറേണ്ടി വന്നതിനെ തുടര്‍ന്ന് ക്രീസിലെത്തിയ സജന നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. വനിതാ ടി20 ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാണ് സജന സജീവന്‍. നേരത്തെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ആശ ശോഭന ഇന്ത്യയ്ക്കായി കളിച്ചിരുന്നു.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ നിരയ്‌ക്കെതിരെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. അരുന്ധതി റെഡ്ഡി 3 വിക്കറ്റും ശ്രേയങ്ക പാട്ടീല്‍ 2 വിക്കറ്റുകളുമായി തിളങ്ങി. 28 റണ്‍സുമായി നിദ ദര്‍ മാത്രമാണ് പാക് നിരയില്‍ തിളങ്ങിയത്.