അഭിറാം മനോഹർ|
Last Modified ഞായര്‍, 30 ജൂണ്‍ 2024 (08:40 IST)
ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരൊറ്റ മത്സരത്തിലും പരാജയപ്പെടാതെ ആദ്യമായി ലോകകപ്പ് സ്വന്തമാക്കുന്ന ടീമായി ഇന്ത്യ. ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളില്‍ കാര്യമായ എതിരാളികള്‍ ഇന്ത്യയ്ക്കുണ്ടായിരുന്നില്ല. വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയിരുന്ന ഓസ്‌ട്രേലിയക്കെതിരെ നായകന്‍ രോഹിത് ശര്‍മ സംഹാരരൂപിയായപ്പോള്‍ ആ വെല്ലുവിളിയും ഇന്ത്യ എളുപ്പത്തില്‍ മറികടന്നു. ഇംഗ്ലണ്ടിനെ സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കിയപ്പോള്‍ അനായാസകരമായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.
ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ തുടക്കത്തില്‍ തന്നെ 2 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വലിയ സ്റ്റേജുകളില്‍ ടീമിന്റെ വിശ്വസ്തനായ വിരാട് കോലി തന്നെ ഏല്‍പ്പിച്ച ജോലി വൃത്തിയായി ചെയ്തതോടെ ഇന്ത്യ പൊരുതാവുന്ന നിലയിലെത്തി. ക്വിന്റണ്‍ ഡികോക്കും ഹെന്റിച്ച് ക്ലാസനും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ഇന്ത്യന്‍ ബൗളിംഗിന്റെ ക്ലാസനെ ഹാര്‍ദ്ദിക് മടക്കിയതോടെ ബുമ്ര എറിഞ്ഞ അടുത്ത ഓവറില്‍ ഇന്ത്യ കളി പിടിച്ചു. മികച്ച രീതിയില്‍ ദക്ഷിണാഫ്രിക്കന്‍ വാലറ്റം പൊരുതിനോക്കിയെങ്കിലും ഡേവിഡ് മില്ലറെ ഒരു അവിശ്വസനീയമായ ക്യാച്ചിലൂടെ സൂര്യകുമാര്‍ കൈയിലൊതുക്കിയതോടെ മത്സരവും ഇന്ത്യയുടെ കൈകളിലായി. ഹാര്‍ദ്ദിക് എറിഞ്ഞ അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാന്‍ 16 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കന്‍ പോരാട്ടം 7 റണ്‍സ് അകലെ അവസാനിക്കുകയായിരുന്നു.