കൊല്‍ക്കത്ത|
jibin|
Last Modified ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (14:59 IST)
പൊതുവെ ശാന്തസ്വഭാവക്കാരാണ് ന്യൂസിലന്‍ഡ് താരങ്ങള്‍. എതിരാളികളെ ബഹുമാനിക്കുകയും ഗ്രൌണ്ടില്‍ ആരോടും തട്ടിക്കയറുന്നവരുമല്ല കിവികള്‍. എന്നാല്‍ ഇന്ത്യക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ന്യൂസിലന്‍ഡിന്റെ താല്‍ക്കാലിക നായകന്‍ റോസ് ടെയ്‌ലര്‍ നിയന്ത്രണം വിട്ട് ഹിന്ദിയില്‍ അമ്പയറെ ചീത്ത വിളിച്ചതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്.
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ നായകന്‍ വിരാട് കോഹ്‌ലി ബാറ്റ് ചെയ്യുമ്പോഴായിരുന്നു സംഭവമുണ്ടായത്. ട്രെന്‍ഡ് ബോള്‍ട്ടിന്റെ പന്ത് കോഹ്‌ലിയുടെ പാഡില്‍ കൊണ്ടപ്പോള്‍ ന്യൂസിലന്‍ഡ് താരങ്ങള്‍ ശക്തമായി അപ്പീല്‍ ചെയ്യുകയും ചെയ്‌തു. എന്നാല്‍ വിക്കറ്റ് അനുവദിക്കാന്‍ അമ്പയര്‍ തയാറായില്ല. ഇതോടെയാണ് നിയന്ത്രണം വിട്ട കിവിസ് റോസ് ടെയ്‌ലര്‍ ഹിന്ദിയില്‍ അമ്പയറെ ചീത്ത വിളിച്ചത്.
അപ്രതീക്ഷിതമായ റോസ് ടെയ്‌ലറുടെ പെരുമാറ്റവും ഹിന്ദിയിലുള്ള ചീത്ത വിളിയും കോഹ്‌ലിയെ അതിശയിപ്പിക്കുകയും ചെയ്‌തു. കിവിസ് നായകന്റെ ഹിന്ദിയിലുള്ള ചീത്തവിളി കേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു കോഹ്‌ലി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് രസകരമായ സംഭവം പുറത്തായത്.
പതിവായി ഇന്ത്യയില്‍ ഐപിഎല്‍ മത്സരങ്ങളില്‍ കളിക്കാനെത്തിയ റോസ് ടെയ്‌ലര്‍ ഹിന്ദി പഠിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. വിദേശ താരങ്ങള്‍ ഹിന്ദി പഠിക്കാന്‍ ശ്രമം നടത്തുന്നതായി മുമ്പും വാര്‍ത്തകളുണ്ടായിരുന്നു.