ബിസിസിഐ ഞെട്ടിക്കുമോ? ടി 20 ക്യാപ്റ്റന്‍സി കെ.എല്‍.രാഹുലിനോ റിഷഭ് പന്തിനോ നല്‍കാന്‍ ആലോചന

രേണുക വേണു| Last Modified ശനി, 18 സെപ്‌റ്റംബര്‍ 2021 (08:07 IST)

വിരാട് കോലി സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ കെ.എല്‍.രാഹുലിനെയോ റിഷഭ് പന്തിനെയോ ടി 20 ക്യാപ്റ്റനാക്കാന്‍ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഭാവി മുന്നില്‍കണ്ടാണ് യുവ താരങ്ങളെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നായകനാക്കുമെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ടീമില്‍ ആഭ്യന്തര കലഹങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ബിസിസിഐ അപ്രതീക്ഷിത താരത്തെ നായകസ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നത്.

കെ.എല്‍.രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ക്ക് രോഹിത് ശര്‍മയേക്കാള്‍ പ്രായം കുറവാണ്. അതുകൊണ്ട് തന്നെ യുവതാരങ്ങളില്‍ ആര്‍ക്കെങ്കിലും നായകസ്ഥാനം നല്‍കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് നായകനാണ് കെ.എല്‍.രാഹുല്‍. ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്നത് റിഷഭ് പന്തും. രാഹുലും പന്തും ഇന്ത്യയുടെ ഭാവി താരങ്ങളാണെന്നാണ് സെലക്ടര്‍മാരുടെയും വിലയിരുത്തല്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :