അഭിറാം മനോഹർ|
Last Updated:
ഞായര്‍, 25 ഫെബ്രുവരി 2024 (10:45 IST)
വനിതാ പ്രീമിയര്‍ ലീഗിന്റെ രണ്ടാം ദിവസവും താരമായി മാറി മലയാളി താരം. ആദ്യ ദിനം നടന്ന മുംബൈ ഡല്‍ഹി പോരാട്ടത്തില്‍ സജന സജീവനാണ് താരമായതെങ്കില്‍ ഇത്തവണ ആര്‍സിബി യുപി വാരിയേഴ്‌സ് പോരാട്ടത്തില്‍ ആര്‍സിബിയെ വിജയത്തിലേക്കെത്തിച്ചത് അഞ്ച് വിക്കറ്റുമായി തിളങ്ങിയ മലയാളി താരം ശോഭന ആശയുടെ പ്രകടനമായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 6 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടിയപ്പോള്‍ യുപിയുടെ പോരാട്ടം 2 റണ്‍സ് അകലെ അവസാനിക്കുകയായിരുന്നു. വനിതാ ഐപിഎല്ലില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന നേട്ടവും പ്രകടനത്തോടെ
ശോഭന ആശ തന്റെ പേരിലാക്കി. നേരത്തെ സഭിനേനി മേഘന(53) റിച്ച ഘോഷ്(62) എന്നിവരുടെ മികവിലാണ് ആര്‍സിബി 157 റണ്‍സിലെത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ യുപിയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. 8.3 ഓവറിലെത്തുമ്പോഴേക്ക് യുപിക്ക് തങ്ങളുടെ 3 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ടോപ് ഓര്‍ഡറിലെ വൃന്ദയുടെയും തഹ്ലിയ മഗ്രാത്തിന്റെയും വിക്കറ്റുകള്‍ ശോഭന ആശയ്ക്കായിരുന്നു.
എന്നാല്‍ പിന്നീട് ഗ്രേസ് ഹാരിസും ശ്വേത ശെരാവത്തും ചേര്‍ന്ന് യുപിയെ 16 ഓവറില്‍ 126 എന്ന നിലയിലെത്തിച്ചു. 24 പന്തില്‍ 32 വിജയിക്കാന്‍ മതിയെന്ന നിലയില്‍ 18മത് ഓവര്‍ എറിയാനെത്തിയ ശോഭന ആശ ശ്വേത ശെരാവത്തിനെ പുറത്താക്കി. തുടര്‍ന്ന് ഗ്രേസ് ഹാരിസിനെയും ബൗള്‍ഡാക്കി. ആറാം പന്തില്‍ കിരണ്‍ നവ്ഗീറിനെയും ശോഭന ആശ മടക്കിയയച്ചു. ഇതോടെ യുപി സ്‌കോര്‍ 17 ഓവറില്‍ 128 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയിലായി. 4 ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്താണ് ശോഭന ആശ 5 വിക്കറ്റ് സ്വന്തമാക്കിയത്.