ഇന്ത്യ - പാകിസ്ഥാന്‍ മത്സരം: ചങ്കിടിച്ച് ഐസിസി, കോപത്തോടെ രാജ്യം

pulwama terror attack , pulwama , Pakistan , World Cup 2019 , പാകിസ്ഥാന്‍ , ഇന്ത്യ , ലോകകപ്പ് , ഐ സി സി
Last Modified വ്യാഴം, 21 ഫെബ്രുവരി 2019 (16:36 IST)
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഇന്ത്യയില്‍ ശക്തമാണ്. ഒരു വിഭാഗം ആരാധകരെ സന്തോഷിപ്പിക്കയും മറ്റൊരു പക്ഷത്തെ നിരാശപ്പെടുത്തുന്നതുമാണ് ഈ ആവശ്യം.

2019 ഏകദിന ലോകകപ്പില്‍ നിന്നും പാകിസ്ഥാനെ മാറ്റി നിര്‍ത്തണമെന്ന് ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട്(ഐസിസി) ആവശ്യപ്പെടുമെന്ന റിപ്പോര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. ഈ വാര്‍ത്തയെ ബിസിസിഐ വക്താവ് തള്ളിക്കളയുകയും ചെയ്‌തിട്ടുണ്ട്.

മത്സരത്തില്‍ നിന്നും പിന്മാറുമോ എന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് ഐസിസി സിഇഒ ഡേവിഡ് റിച്ചാർഡ്സൻ വ്യക്തമാക്കുന്നു.

ജൂൺ 16ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിലാണ് – പാക് ഗ്ലാമര്‍ പോരാട്ടം നടക്കേണ്ടത്. ഈ മത്സരത്തില്‍ നിന്നും ഇന്ത്യ വിട്ടു നിന്നാല്‍ വന്‍ സാമ്പത്തിക തകര്‍ച്ചയാകും ഐസിസിക്ക് ഉണ്ടാകുക. ഇന്ത്യയില്ലാത്ത ഒരു മത്സരത്തെക്കുറിച്ച് ഐ സി സിക്ക് ഓര്‍ക്കാന്‍ പോലുമാകില്ല.

ജൂലൈ 14ന് നടക്കുന്ന ഫൈനലിനെപ്പോലും വെല്ലുന്ന തരത്തിലാണ് ഇന്ത്യ പാക് പോരിന്റെ ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ എത്തിയത്. 25,000 പേർക്കു മാത്രം കളി കാണാൻ സൗകര്യമുള്ള സ്റ്റേഡിയത്തിൽ ടിക്കറ്റിനായി നാലു ലക്ഷം അപേക്ഷകളാണ് ലോകകപ്പ് സംഘാടക സമിതിക്കു ലഭിച്ചത്. ഫൈനലിനു പോലും 2,70,000 അപേക്ഷ ലഭിച്ച സ്ഥാനത്താണിത്.

ഈ സാഹചര്യത്തില്‍ ലോകകപ്പ് മത്സരത്തില്‍ കടുത്ത അനിശ്ചിതാവസ്ഥ തുടരുകയാണ്. വിഷയത്തില്‍ ചര്‍ച്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്. അല്ലാത്തപക്ഷം, കനത്ത സാമ്പത്തിക നഷ്‌ടം നേരിടേണ്ടി വരും ഐസിസിക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :