അഭിറാം മനോഹർ|
Last Modified വ്യാഴം, 27 മെയ് 2021 (20:01 IST)
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ഓസീസ് താരം പാറ്റ് കമ്മിൻസ്. തുടർച്ചയായി 140 കിമി മുകളിൽ കൃത്യതയോടെ ഒരേ ലൈനിൽ പന്തെറിയാൻ കഴിവുള്ള താരം ടെസ്റ്റിൽ ഏതൊരു ബാറ്റ്സ്മാന്റെയും പേടി സ്വപ്‌നമാണ്. ഐസിസി ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ഒന്നാമനായ കമ്മിൻസ് താൻ പന്തെറിയാൻ ഏറ്റവും പ്രയാസപ്പെട്ടത് ഏതെല്ലാം താരങ്ങൾക്കെതിരെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ.
ഓരോ ടീമിലും പന്തെറിയാൻ പ്രയാസമുള്ള ഒന്നോ രണ്ടോ താരങ്ങളുണ്ടാകുമെന്നാണ് കമ്മിൻസ് പറയുന്നത്. ഇംഗ്ലണ്ട് ടീമിലേക്ക് വരുമ്പോള്‍ ജോ റൂട്ടും ബെന്‍ സ്‌റ്റോക്‌സുമാണെങ്കില്‍ ഇന്ത്യന്‍ ടീമിലത് പുജാരയും വിരാട് കോലിയുമാണ്. ന്യൂസിലൻഡ് നിരയിൽ വില്യംസണിനെതിരെയും പാകിസ്ഥാനിൽ ബാബർ അസമിനെതിരെയും പന്തെറിയുക ബുദ്ധിമുട്ടാണ്.
ദക്ഷിണാഫ്രിക്കയില്‍ അത് ഫഫ് ഡുപ്ലെസിസും എബി ഡിവില്ലിയേഴ്‌സുമാണ്. ഇവരുടെയെല്ലാം വിക്കറ്റുകൾ വളരെ പ്രധാനപ്പെട്ടതാണ് കമ്മിൻസ് പറഞ്ഞു. 30 ടെസ്റ്റുകളിൽ നിന്നും 164 വിക്കറ്റും 69 ഏകദിനത്തില്‍ നിന്ന് 111 വിക്കറ്റും 30 ടി20യില്‍ നിന്ന് 37 വിക്കറ്റുമാണ് ഓസീസ് ജഴ്‌സിയില്‍ കമ്മിന്‍സ് വീഴ്‌ത്തിയിട്ടുള്ളത്.