അഭിറാം മനോഹർ|
Last Modified തിങ്കള്‍, 29 മെയ് 2023 (15:31 IST)
ഐപിഎല്‍ 2023 ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ ക്രിക്കറ്റിംഗ് ഭാവി സുരക്ഷിതമാണെന്ന് ഉറപ്പ് നല്‍കിയ സീസണായിരുന്നു. വിവിധ ഫ്രാഞ്ചൈസികള്‍ക്കായി മികച്ച പ്രകടനങ്ങളാണ് പല യുവതാരങ്ങളും ഐപിഎല്ലില്‍ കാഴ്ചവെച്ചത്. തന്റെ പ്രതാപകാലത്തെ അനുസ്മരിച്ച് വിരാട് കോലിയും കോലിയ്ക്ക് താന്‍ തന്നെയാണ് പിന്‍ഗാമിയെന്ന് തെളിയിക്കുന്ന പ്രകടനവുമായി ശുഭ്മാന്‍ ഗില്ലും കളം നിറഞ്ഞെങ്കിലും ഈ ഐപിഎല്‍ സീസണില്‍ തന്നെ ഏറ്റവും ആകര്‍ഷിച്ചത് മറ്റൊരു യുവതാരമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസവും മുന്‍ ആര്‍സിബി താരവുമായ എ ബി ഡിവില്ലിയേഴ്‌സ് പറയുന്നു. ജിയോ സിനിമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
രാജസ്ഥാന്‍ റോയല്‍സിനായി ഇത്തവണ റണ്‍സടിച്ചുകൂട്ടിയ യുവതാരം യശ്വസി ജയ്‌സ്വാളിനെയാണ് ഡിവില്ലിയേഴ്‌സ് സീസണിലെ തന്റെ പ്രിയതാരമായി തിരെഞ്ഞെടുത്തത്. ചെറുപ്പമാണെങ്കിലും ജയ്‌സ്വാളിന്റെ കൈവശമില്ലാത്ത ഷോട്ടുകളില്ലെന്ന് ഡിവില്ലിയേഴ്‌സ് പറയുന്നു. ഗ്രൗണ്ടിലും ക്രീസിലും വളരെ ശാന്തനാണ് താരമെന്നും ഇതേ താരം തന്നെ ബൗളര്‍മാര്‍ക്കെതിരെ നേടുന്ന ആധിപത്യവും നിയന്ത്രണവും വിസ്മയിപ്പിക്കുന്നതായും ഡിവില്ലിയേഴ്‌സ് പറയുന്നു.
യശ്വസിയുമായി താരതമ്യം ചെയ്യുമ്പോള്‍ ശുഭ്മാന്‍ ഗില്ലിന് അവനേക്കാള്‍ പ്രായമുണ്ട്. അതിനാല്‍ ജയ്‌സ്വാളിന് ഇനിയും മെച്ചപ്പെടാന്‍ അവസരമുണ്ടെന്നും ഡിവില്ലിയേഴ്‌സ് പറയുന്നു. സീസണില്‍ രാജസ്ഥാന് വേണ്ടി 14 കളികളില്‍ നിന്നും 625 റണ്‍സാണ് താരം അടിച്ചെടുത്തത്.