'ഞാൻ പരമാവധി ശ്രമിച്ചു, പക്ഷേ സെലക്ടർമാർ തയ്യാറല്ല', അന്ന് ധോണി പറഞ്ഞു, വെളിപ്പെടുത്തി യുവ്‌രാജ്

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 5 ഓഗസ്റ്റ് 2020 (16:04 IST)
മുംബൈ: 2019 ലോകകപ്പില്‍ കളിയ്ക്കണം എന്ന് ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും അത് നടക്കില്ല എന്ന് മനസിലായത് ധോണി പറഞ്ഞപ്പോഴാണ് എന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവ്‌രാജ് സിങ്. ധോണിയുയെ വാക്കുകൾ കേട്ടതോടെ ടീമിൽ ഉൾപ്പെടില്ല എന്ന യാഥാർത്ഥ്യം മനസിലാക്കി അതിനോട് പൊരുത്തപ്പെടാൻ സാധിച്ചു എന്ന് യുവ്‌രാജ് സിങ് പറയുന്നു. ഒരു ഒൺലൈൻ ഷോയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

2015 ലോകകപ്പില്‍ നിന്ന് ഞാന്‍ ഒഴിവാക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഒരു ലോകകപ്പ് കൂടി കളിച്ച്‌ വിരമിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ അത് നടക്കില്ലെന്ന് ധോണി പറഞ്ഞപ്പോഴാണ് എനിയ്ക്ക് ബോധ്യമായത്. 'എന്നെക്കൊണ്ട് കഴിയാവുന്നതെല്ലാം ചെയ്തു, പക്ഷേ അവര്‍ നിന്നെ പരിഗണിയ്ക്കാൻ തയ്യാറല്ല.' എന്ന് ധോണി എന്നോടു പറഞ്ഞു. 2011 ലോകകപ്പ് വരെ ധോണിക്ക് എന്നില്‍ വളരെയധികം വിശ്വാസമുണ്ടായിരുന്നു,

'നീയാണ് എന്റെ തുറുപ്പുചീട്ട് ' എന്ന് എപ്പോഴും എന്നോടു പറയുമായിരുന്നു. എന്നാല്‍ അസുഖം ഭേദമായി മടങ്ങിയെത്തിയ ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. ടീമില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു എന്നതാണ് അതിന് കാരണം. അതോടെ 2015 ലോകകപ്പില്‍ കളിക്കാന്‍ കഴിയില്ലെന്ന് ഏകദേശം ഉറപ്പായിരുന്നു. ക്യാപ്ടന്‍ എന്ന നിലയില്‍ ധോണിയെക്കുറിച്ച്‌ എനിക്ക് പരാതികൾ ഇല്ല. നായകന്‍ എന്ന നിലയില്‍ വ്യക്തിബന്ധങ്ങള്‍ നോക്കാതെ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. യുവ്‌രാജ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :