അഭിറാം മനോഹർ|
Last Modified വ്യാഴം, 23 മാര്‍ച്ച് 2023 (18:23 IST)
ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം സീസണിലും രാജസ്ഥാൻ റോയൽസ് ഫൈനലിലെത്തുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ് കൈഫ്. സഞ്ജുവിനെ പോലൊരു മികച്ച നായകനും ജോസ് ബട്ട്‌ലറെ പോലെ കളി മാറ്റിമറിയ്ക്കാൻ കഴിയുന്ന ഒരു താരവും ഹെറ്റ്മേയറെ പോലൊരു ഫിനിഷറും ഉള്ളപ്പോൾ രാജസ്ഥാൻ ഫൈനലിലെത്താൻ സാധ്യത അധികമാണെന്ന് കൈഫ് പറയുന്നു.
കഴിഞ്ഞ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസുമായി തലനാരിഴയ്ക്കായിരുന്നു രാജസ്ഥാന് കിരീടം നഷ്ടമായത്. കഴിഞ്ഞ വർഷത്തെ രാജസ്ഥാൻ്റെ പ്രധാന ബൗളറായിരുന്ന പ്രസിദ്ധ് കൃഷ്ണ പരിക്കിലാണ്. ന്യൂബോളിൽ വിക്കറ്റുകൾ സ്വന്തമാക്കാൻ ട്രെൻഡ് ബോൾട്ടിന് സാധിക്കും. മൂന്നാം നമ്പറിൽ മികച്ച റെക്കോർഡാണ് സഞ്ജുവിനുള്ളത്. മികച്ച രീതിയിൽ സഞ്ജു ടീമിനെ നയിക്കുകയും ചെയ്യുന്നു. അത്തരത്തിൽ സമ്പൂർണ്ണമായ ടീമാണ് രാജസ്ഥാനുള്ളത്. കൈഫ് പറഞ്ഞു.
കഴിഞ്ഞ സീസണിൽ ജോസ് ബട്ട്‌ലറും സഞ്ജു സാംസണും മികച്ച പ്രകടനമാണ് രാജസ്ഥാനായി നടത്തിയത്. ജോസ് ബട്ട്‌ലർ 57.53 ശരാശരിയിൽ 863 റൺസും സഞ്ജു 458 റൺസും കഴിഞ്ഞ സീസണിൽ സ്കോർ ചെയ്തിരുന്നു. ബൗളർമാരിൽ മികച്ച പ്രകടനമാണ് യുസ്വേന്ദ്ര ചാഹൽ നടത്തിയത്. ഈ സീസണിലും ഈ താരങ്ങളുടെ പ്രകടനങ്ങൾ തന്നെയാകും രാജസ്ഥാൻ്റെ കുതിപ്പിൽ നിർണായകമാവുക.