ബോളണ്ടിനെ കണ്ടാൽ കോലിയുടെ മുട്ടിടിക്കുമോ? 98 പന്തുകൾ നേരിട്ടപ്പോൾ പുറത്തായത് 4 തവണ

Virat Kohli
Virat Kohli
അഭിറാം മനോഹർ| Last Modified വെള്ളി, 3 ജനുവരി 2025 (19:04 IST)
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിലും നിരാശപ്പെടുത്തി ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലി. നേരിട്ട ആദ്യ പന്തില്‍ തന്നെ കഷ്ടിച്ച് രക്ഷപ്പെട്ട കോലി ഗില്ലുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ 17 റണ്‍സില്‍ നില്‍ക്കെ പതിവ് രീതിയില്‍ ഓഫ്സ്റ്റമ്പിന് പുറത്ത് പോകുന്ന പന്തിന് ബാറ്റ് വെച്ച് കോലി വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. സ്‌കോട്ട് ബോളണ്ടിനാണ് താരത്തിന്റെ വിക്കറ്റ്.

പരമ്പരയില്‍ ഇത് നാലാം തവണയാണ് ബോളണ്ട് കോലിയെ മടക്കുന്നത്. സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് കോലി മടങ്ങിയത്. ബോളണ്ടിന്റെ 98 പന്തുകളാണ് കോലി ഇത്തവണ നേരിട്ടത്. ഇതില്‍ 32 റണ്‍സാണ് കോലി നേടിയത്. എന്നാല്‍ 4 തവണയാണ് കോലി ബോളണ്ടിന് തന്റെ വിക്കറ്റ് സമ്മാനിച്ചത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 7 ഇന്നിങ്ങ്‌സുകളില്‍ 7 തവണയും കോലി പുറത്തായത് സമാനമായ രീതിയിലാണ്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി കൈവിടാതിരിക്കാന്‍ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. മോശം ഫോമില്‍ കളിക്കുന്ന രോഹിത് ശര്‍മ ഇല്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. രോഹിത്തിന് പകരം ജസ്പ്രീത് ബുമ്രയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. രോഹിത്തിന് പകരം ശുഭ്മാന്‍ ഗില്ലും പരിക്കേറ്റ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയുമാണ് ഇന്ന് ഇന്ത്യയ്ക്കായി കളിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :