രേണുക വേണു|
Last Modified ചൊവ്വ, 27 ഡിസംബര്‍ 2022 (16:36 IST)
വിരാട് കോലിയുടെ ട്വന്റി 20 കരിയര്‍ അസ്തമിക്കുന്നു. ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് കോലിയോട് നിര്‍ബന്ധിത അവധിയെടുക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടതായാണ് വിവരം. ഏകദിനങ്ങളിലും ടെസ്റ്റിലും മാത്രമായിരിക്കും കോലി ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക. ഐപിഎല്ലില്‍ തുടരുമെങ്കിലും ട്വന്റി 20 യില്‍ കോലി ഇനി കളിച്ചേക്കില്ല. 2024 ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റം കൊണ്ടുവരാനാണ് ബിസിസിഐയുടെ തീരുമാനം.
2023 പകുതി വരെ ഒരു ട്വന്റി 20 മത്സരത്തിലും കോലി കളിച്ചേക്കില്ല. ഇതിന്റെ ഭാഗമായി ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് കോലിയെ ഒഴിവാക്കും. കോലിക്ക് പുറമേ രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍ എന്നിവരുടെ ട്വന്റി 20 കരിയറും കയ്യാലപ്പുറത്താണ്.
കോലി ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ നിന്ന് വിശ്രമം ചോദിച്ചിട്ടുണ്ടെന്നാണ് ബിസിസിഐയുടെ വിശദീകരണം. ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് പടിയറങ്ങുന്നതിന്റെ സൂചനയായിരിക്കാം ഇതെന്നും ഒരു ബിസിസിഐ ഉന്നതന്‍ പറയുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ യുവതാരനിരയെ അണിനിരത്തി ഒരു ടീമിന് രൂപം നല്‍കാനാണ് ബിസിസിഐയും സെലക്ടര്‍മാരും ലക്ഷ്യമിടുന്നത്. അതിന്റെ ആദ്യ പടിയാണ് സീനിയര്‍ താരങ്ങള്‍ക്കുള്ള ഇടവേള.