രോഹിത്തോ കോലിയോ അല്ല, ഫേവറേറ്റ് നായകൻ കെ‌ എൽ രാഹുലെന്ന് ശ്രേയസ് അയ്യർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 21 മാര്‍ച്ച് 2022 (17:28 IST)
ഇന്ത്യൻ ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും മികവ് തെളിയിച്ച യുവതാരമാണ് ശ്രേയസ് അയ്യർ. മധ്യനിരയിലെ കരുത്തനായ ശ്രേയസ് വരാനിരിക്കുന്ന ഐപിഎ‌ൽ സീസണിൽ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പുതിയ ക്യാപ്റ്റന്‍ കൂടിയാണ്.

വിരാട് കോലി, രോഹിത് ശർമ എന്നിവരുടെ ക്യാപ്‌റ്റൻസിയുടെ കീഴിൽ കളിച്ചിട്ടുണ്ടെങ്കിലും ഇക്കൂട്ടത്തിൽ കെഎൽ രാഹുലാണ് തന്റെ പ്രിയ നായകൻ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രേയസ്. ഇതിനുള്ള കാരണവും ശ്രേയസ് പറയുന്നു.

ഈ വര്‍ഷം നടന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലെ 3 ഏകദിന മത്സരങ്ങളിലായിരുന്നു കെഎൽ രാഹുലിന്റെ നായ‌കത്വത്തിന് കീഴിൽ ശ്രേയസ് കളിച്ചത്. 3 മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. 3 ഇന്നിങ്സുകളിൽ നിന്നും 54 റൺസെടുക്കാൻ മാത്രമെ താരത്തിനായുള്ളു. മത്സരത്തിൽ ബൗളിങ് ചെയ്യാനുള്ള അവസരം പക്ഷേ ശ്രേയസിന് നൽകിയിരുന്നു.

രാഹുൽ എന്നെ അത്ഭുതപ്പെടുത്തുന്ന കളിക്കാരനാണ്.ഫീല്‍ഡിലും ടീം മീറ്റിങുകളിലും രാഹുല്‍ കാണിക്കുന്ന ആത്മവിശ്വാസവും കളിക്കാര്‍ക്ക് നല്‍കുന്ന പിന്തുണയുമെല്ലാം വലുതാണ്. ഞാൻ അദ്ദേഹത്തിന് കീഴിൽ കളിക്കുന്നത് ആസ്വദിച്ചു. മൂന്നോവർ ബൗൾ ചെയ്യാനുള്ള അവസരവും രാഹുൽ എനിക്ക് തന്നു. മറ്റൊരു ക്യാപ്‌റ്റനും എനിക്ക് നേരത്തെ നല്‍കിയിട്ടില്ലാത്ത കാര്യമാണിത്. എന്റെ ഫേവറിറ്റ് നായകനും രാഹുല്‍ തന്നെ. ശ്രേയസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :