വന്നത് ഹീറോ ആയി, പക്ഷേ ഇപ്പോൾ വില്ലൻ! - ആ 5 താരങ്ങളിവരാണ്

ശോകമായ കളികൾ, താരങ്ങളോട് കണ്ടം വഴി ഓടാൻ കാണികൾ

അപർണ| Last Modified ബുധന്‍, 9 മെയ് 2018 (11:43 IST)
കോടികൾ മുടക്കി ലേലത്തിലെടുത്ത താരങ്ങൾ ഇപ്പോൾ ടീമിനു തന്നെ ബാധ്യതയായി മാറിയിരിക്കുകയാണ്.
കളിക്കാൻ താരങ്ങളെ ലേലത്തിലെടുക്കുമ്പോൾ ഓരോ ടീമിനും പ്രതീക്ഷകൾ വാനോളമാണ്. എന്നാൽ, ചിലർ എല്ലാ പ്രതീക്ഷകളും തകർത്ത് വെറും ദുരന്തമായി മാറിയ കാഴ്ചയാണ് കാണാൻ കഴിയുന്നത്.

പലരും ഹീറോയെന്ന പരിവേഷത്തോടെയാണ് എത്തിയത്. എന്നാൽ, നിരവധി കളികൾ കഴിഞ്ഞപ്പോൾ ഇവർ ഹീറോയല്ല, വില്ലനാണെന്നാണ് ആരാധകർ പറയുന്നത്. കളിക്കളത്തിലെ ഇവരുടെ മോശം പ്രകടനം കണ്ട് സഹിക്കാനാകാതെ ആയിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾക്ക്. അത്തരം 5 കളിക്കാർ ആരെല്ലാമാണെന്ന് നോക്കാം:

ആരോണ്‍ ഫിഞ്ച് (പഞ്ചാബ്)

പഞ്ചാബിന്റെ മാസ്റ്റർ കളിക്കാരനെന്ന് പറയാൻ ആകില്ലെങ്കിലും വൻ തുകയ്ക്കാണ് ആരോൺ ഫിഞ്ചിനെ ടീം ലേലത്തിലെടുത്തത്. എന്നാൽ, ഐപിഎല്ലിന്റെ ഈ സീസണില്‍ ഇതുവരെ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ് ആരോൺ . 6.2 കോടി രൂപയ്ക്കാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഫിഞ്ചിനെ സ്വന്തമാക്കിയത്. ആറു മല്‍സരങ്ങളില്‍ നിന്നും ആറ് ശരാശരിയില്‍ വെറും 24 റണ്‍സാണ് ഫിഞ്ച് നേടിയത്.

കാണ്‍ ശര്‍മ (ചെന്നൈ)

അഞ്ചു കോടി രൂപയ്ക്കു ചെന്നൈ സൂപ്പര്‍കിങ്‌സിലെത്തിയ സ്പിന്നറാണ് കാണ്‍ ശര്‍മ. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി താരം മികച്ച പ്രകടനം നടത്തിയിരുന്നു. ഇതായിരുന്നു താരത്തിന്റെ മൂല്യം വർധിക്കാൻ കാരണമായത്. എന്നാൽ, കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ പത്ത് ശതമാനം പോലും ഇത്തവണ പുറത്തെടുക്കാൻ ശർമയ്ക്കായിട്ടില്ല. സീസണില്‍ ഇതുവരെ കളിച്ച നാലു മല്‍സരങ്ങളില്‍ നിന്നും മൂന്നു വിക്കറ്റാണ് താരം നേടിയത്.

വൃധിമാന്‍ സാഹ (ഹൈരാബാദ്)

കാണ്‍ ശര്‍മയെ പോലെ തന്നെ അഞ്ചു കോടിക്കാണ് വിക്കറ്റ്കീപ്പര്‍ വൃധിമാന്‍ സാഹയെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. പഞ്ചാബിന്റെ ജഴ്സിയിൽ തിളങ്ങിയ സാഹ പക്ഷേ ഹൈദരാബാദ് ജഴ്സിയിൽ വെറും പൂജ്യമായി മാറുന്ന അവസ്ഥയാണ് കണ്ടത്. വിക്കറ്റ്കീപ്പറുടെ റോളില്‍ നിരാശപ്പടുത്തിയില്ലെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ താരത്തിന്റെ പ്രകടനം വളരെ മോശമായിരുന്നു. ഇതുവരെ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 79 റണ്‍സ് മാത്രമാണ് സാഹയ്ക്കു നേടാനായത്.

ക്രിസ് വോക്‌സ് (ബാംഗ്ലൂര്‍)

7.4 കോടി എന്ന ഉയർന്ന വിലയ്ക്കാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടറായ ക്രിസ് വോക്‌സിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ഇംഗ്ലീഷ് ടീമിലെ സ്ഥിരസാന്നിധ്യമായ വോക്‌സ് പക്ഷെ ആര്‍സിബിയില്‍ ദയനീയ പ്രകടനമാണ് നടത്തുന്നത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും വെറും 17 റണ്‍സ് മാത്രമേ വോക്‌സ് നേടിയിട്ടുള്ളൂ.

ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഡല്‍ഹി)

ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലെ വെടിക്കെട്ട് താരമായ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമാണ്. ഒമ്പതു കോടി രൂപയ്ക്കാണ് മാക്‌സ്‌വെല്ലിനെ ലേലത്തില്‍ ഡല്‍ഹി സ്വന്തമാക്കിയത്. ഇതുവരെ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 33 റണ്‍സ് മാത്രമാണ് മാക്‌സ്‌വെല്ലിനു നേടാനായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :