ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (10:51 IST)
ഐപിഎല്‍ വാതുവെപ്പ് കേസില്‍ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരേയുള്ള കേസില്‍ ഡല്‍ഹി വിചാരണ കോടതി ഇന്ന് വിധി പറയുന്നത് മാറ്റിവെച്ചു. അടുത്ത മാസം ഇരുപത്തിയഞ്ചിന് വിധി പറയുമെന്നാണ് കോടതി വ്യക്തമാക്കിയത്.
ഐപിഎല്‍ വാതുവെപ്പ് കേസില്‍ വിധി പറയാനുള്ള നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കോടതി അവധിയായതിനാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇതുവരെ സാധിച്ചില്ല. അതിനാല്‍ ജൂലൈ 25ന് വിധി പറയുമെന്നും ഡല്‍ഹിയിലെ പട്യാലഹൌസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി നീന ബന്‍സാല്‍ വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് ഐപിഎല്‍ വാതുവെപ്പ് കേസിലെ വിധി പറയുന്നത് മാറ്റിവെക്കുന്നത്.
കേസില്‍ മക്കോക്ക നിയമം നിലനില്‍ക്കുന്നതാണോ എന്നതാണ് വിധിയില്‍ പ്രധാന വിഷയമാകുക. മക്കോക്ക നില നിലനില്‍ക്കുന്നതല്ലെന്ന് കോടതി പറഞ്ഞാന്‍ കേസ് ദുര്‍ബലമാകും. പ്രതികള്‍ക്കെതിരെ ഫോണ്‍ സംഭാഷണമല്ലാതെ വ്യക്തമായ തെളിവുകള്‍ ഇല്ലെന്ന് വിചാരണക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ടീമംഗങ്ങളായ ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരെയും
കൂടാതെ അധോലോക നേതാക്കളായ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ എന്നിവരടക്കം 42 പേരാണു പ്രതിപ്പട്ടികയിലുള്ളത്. ശ്രീശാന്ത് അടക്കമുള്ളവര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് ഡല്‍ഹി പൊലീസ് തെളിവായി ഹാജരാക്കിയിട്ടുള്ളത്.
അധോലോക നായകന്‍ ദാബൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ തുടങ്ങിയ അധോലോക സംഘാംഗങ്ങളാണു വാതുവെപ്പ്
നിയന്ത്രിച്ചിരുന്നതെന്നു ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച ആറായിരം പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ പറയുന്നു. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ വകുപ്പുകളും വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളുമാണു പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.