രാഹുല്‍ രക്ഷകനായി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ 200 കടന്ന് ഇന്ത്യ, റബാഡയ്ക്ക് അഞ്ച് വിക്കറ്റ്

സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സ് ആയപ്പോഴേക്കും ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി

രേണുക വേണു| Last Modified ബുധന്‍, 27 ഡിസം‌ബര്‍ 2023 (08:41 IST)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ നാണക്കേടില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട് ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ സ്‌കോര്‍ 200 കടന്നു. ഇന്ത്യ 59 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഒന്നാം ദിനം അവസാനിച്ചത്. 105 ബോളില്‍ 70 റണ്‍സ് നേടിയ കെ.എല്‍.രാഹുലും പൂജ്യം റണ്‍സുമായി മുഹമ്മദ് സിറാജുമാണ് ക്രീസില്‍. 107/5 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ നാണക്കേടില്‍ നിന്നു രക്ഷിച്ചത് കെ.എല്‍.രാഹുലിന്റെ ഇന്നിങ്‌സാണ്.

സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സ് ആയപ്പോഴേക്കും ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. നായകന്‍ രോഹിത് ശര്‍മ (അഞ്ച്), യഷസ്വി ജയ്‌സ്വാള്‍ (37 പന്തില്‍ 17), ശുഭ്മാന്‍ ഗില്‍ (12 പന്തില്‍ രണ്ട്) എന്നിവരാണ് തുടക്കത്തില്‍ നിരാശപ്പെടുത്തിയത്. വിരാട് കോലി (64 പന്തില്‍ 38), ശ്രേയസ് അയ്യര്‍ (50 പന്തില്‍ 31) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ഈ കൂട്ടുകെട്ടിനു അധികം ആയുസുണ്ടായില്ല. രണ്ടാം ദിനമായ ഇന്ന് രാഹുലിന് പിന്തുണ നല്‍കാന്‍ സിറാജിനും പ്രസിദ്ധ് കൃഷ്ണയ്ക്കും എത്രത്തോളം സാധിക്കുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ശര്‍ദുല്‍ താക്കൂര്‍ 33 പന്തില്‍ നിന്ന് 24 റണ്‍സുമായി രാഹുലിന് മികച്ച പിന്തുണ നല്‍കിയിരുന്നു.

അഞ്ച് വിക്കറ്റ് നേടിയ കഗിസോ റബാഡയാണ് ഇന്ത്യയുടെ നടുവൊടിച്ചത്. 17 ഓവറില്‍ 44 റണ്‍സ് വഴങ്ങിയ റബാഡ രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, രവിചന്ദ്രന്‍ അശ്വിന്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവരെ പുറത്താക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :