രേണുക വേണു|
Last Modified ചൊവ്വ, 1 ഒക്‌ടോബര്‍ 2024 (08:26 IST)
India vs Bangladesh 2nd Test, Day 5
India vs Bangladesh 2nd Test, Day 5: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനമായ ഇന്ന് ഇന്ത്യ ഇറങ്ങുക രണ്ടും കല്‍പ്പിച്ച്. മഴയെ തുടര്‍ന്ന് കാന്‍പൂര്‍ ടെസ്റ്റിന്റെ രണ്ടും മൂന്നും ദിനങ്ങള്‍ പൂര്‍ണമായി നഷ്ടമായെങ്കിലും നാലാം ദിനത്തില്‍ ട്വന്റി 20 ശൈലിയില്‍ ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചാം ദിനം അതിനേക്കാള്‍ ആക്രമിച്ചു കളിക്കുമെന്ന് ഉറപ്പ്. രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സാണ് ബംഗ്ലാദേശ് നേടിയിരിക്കുന്നത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ലീഡായ 52 റണ്‍സില്‍ നിന്ന് ഇപ്പോഴും 26 റണ്‍സ് അകലെയാണ് ആതിഥേയര്‍.
ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്‌സ് ഇരുന്നൂറിനുള്ളില്‍ അവസാനിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അങ്ങനെ സംഭവിച്ചാല്‍ ഒറ്റ സെഷന്‍ കൊണ്ട് ഇന്ത്യക്ക് വിജയം സ്വന്തമാക്കാന്‍ സാധിക്കും. ഈ കണക്കുകൂട്ടലുകളോടെ ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റ് ഒരു ട്വന്റി 20 മത്സരം പോലെ ആവേശം നിറഞ്ഞതാകും. ഏഴ് റണ്‍സുമായി ഷദ്മന്‍ ഇസ്ലം, റണ്‍സൊന്നും എടുക്കാതെ മൊമിനുള്‍ ഹഖ് എന്നിവരാണ് ബംഗ്ലാദേശിനായി ക്രീസില്‍. സാക്കിര്‍ ഹസന്‍, ഹസന്‍ മഹ്‌മുദ് എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.
ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 233 പകരമായി വെറും 34.4 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 51 പന്തില്‍ 12 ഫോറും രണ്ട് സിക്‌സും സഹിതം 72 റണ്‍സ് നേടിയ യഷസ്വി ജയ്‌സ്വാള്‍ ആണ് ടോപ് സ്‌കോറര്‍. കെ.എല്‍.രാഹുല്‍ 43 പന്തില്‍ 68 റണ്‍സും വിരാട് കോലി 35 പന്തില്‍ 47 റണ്‍സും നേടി. ഒന്‍പതാമനായി ക്രീസിലെത്തിയ ആകാശ് ദീപ് (അഞ്ച് പന്തില്‍ 12) വരെ ട്വന്റി 20 ശൈലിയില്‍ ബാറ്റ് വീശുകയായിരുന്നു.