അഭിറാം മനോഹർ|
Last Modified ചൊവ്വ, 30 ജനുവരി 2024 (19:44 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യന്‍ യുവതാരമായ ശുഭ്മാന്‍ ഗില്‍ നടത്തിയത്. കഴിഞ്ഞ 11 ഇന്നിങ്ങ്‌സുകളില്‍ നിന്ന് ഒരു അര്‍ധസെഞ്ചുറി പോലും കണ്ടെത്താന്‍ താരത്തിനായിട്ടില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷമുള്ള ഈ മത്സരങ്ങളിലെല്ലാം തന്നെ മൂന്നാം നമ്പറിലാണ് താരം കളിച്ചിരുന്നത്. ഓപ്പണിംഗില്‍ നിന്നും മൂന്നാം നമ്പറിലേക്ക് മാറിയതാണ് ശുഭ്മാന്‍ ഗില്ലിനെ ബാധിച്ചതെന്നാണ് പലരും വിലയിരുത്തുന്നത്. എന്നാല്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഓപ്പണിംഗിലും ശരാശരി പ്രകടനം മാത്രമാണ് ഗില്‍ നടത്തിയിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
21 ടെസ്റ്റ് മത്സരങ്ങളിലാണ് പന്ത് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളത്. 39 ഇനിങ്ങ്‌സുകളില്‍ നിന്നും 29.53 ശരാശരിയില്‍ 1063 റണ്‍സ് മാത്രമാണ് താരം ഇതുവരെ നേടിയിട്ടുള്ളത്.മൂന്നാം നമ്പറില്‍ ഇറങ്ങിയ 11 ഇന്നിങ്ങ്‌സുകളില്‍ നിന്നും 21 റണ്‍സ് ശരാശരിയില്‍ 189 റണ്‍സാണ് താരം നേടിയിട്ടുള്ളത്. ഓപ്പണറായി 29 ഇന്നിങ്ങ്‌സുകളീല്‍ നിന്നും പക്ഷേ 32.37 ശരാശരിയില്‍ 874 റണ്‍സാണ് താരത്തിന്റെ പേരിലുള്ളത്. മൂന്നാം സ്ഥാനത്തേക്ക് മാറിയതിന് ശേഷം പ്രകടനത്തില്‍ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും ഓപ്പണിംഗ് പൊസിഷനിലും ഏറെ മെച്ചപ്പെട്ട പ്രകടനമല്ല താരം നടത്തിയിട്ടുള്ളതെന്ന് കണക്കുകള്‍ തെളിയിക്കുന്നു.
രഹാനെ, പുജാര തുടങ്ങിയ പരിചയസമ്പന്നരില്ലാതെയാണ് ഇത്തവണ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുന്നത്. ഓപ്പണിംഗ് റോളില്‍ യശ്വസി ജയ്‌സ്വാള്‍ സ്ഥാനം ഉറപ്പിച്ചതോടെ മൂന്നാം നമ്പറില്‍ കൃത്യമായ ഒരു താരത്തെ തിരെഞ്ഞെടുക്കേണ്ടതുണ്ട്. മൂന്നാം നമ്പറില്‍ ആഭ്യന്തര ടൂര്‍ണമെന്റുകളിലെല്ലാം തന്നെ കളിച്ചിട്ടുള്ളതിനാല്‍ ഗില്‍ തന്നെയായിരുന്നു ഈ പൊസിഷനില്‍ കളിക്കാനുള്ള താത്പര്യം അറിയിച്ചത്.