അഭിറാം മനോഹർ|
Last Modified വ്യാഴം, 31 മാര്‍ച്ച് 2022 (19:53 IST)
ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി. ബാറ്റർമാരുടെ റാങ്കിങിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ റിഷഭ് പന്ത് ആദ്യ പത്തിൽ നിന്നും പുറത്തായി. പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ് പന്ത്. ആദ്യ പത്തിൽ സ്ഥാനം നിലനിർത്താൻ സാധിച്ചെങ്കിലും ഇന്ത്യൻ നായകൻ രോഹിത് ശർമ, മുൻ നായകൻ വിരാട് കോലി എന്നിവർ ഓരോ സ്ഥാനം താഴേക്കിറങ്ങി. രോഹിത് എട്ടാം സ്ഥാനത്തും കോലി പത്താം സ്ഥാനത്തുമാണ്.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ശരാശരി പ്രകടനമാണ് ഇരുവര്‍ക്കും തിരിച്ചടിയായത്. പരമ്പരയിൽ
രോഹിത് 90 റണ്‍സും കോലി 81 റണ്‍സും മാത്രമാണ് നേടിയത്. ശ്രീലങ്കക്കെതിരെ രണ്ട് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 185 റണ്‍സടിച്ചെങ്കിലും പന്ത് ആദ്യ പത്തില്‍ നിന്ന് പുറത്തായി. ഒരു വർഷത്തിനിടെ ആദ്യമായാണ് പന്ത് ആദ്യ പത്തിൽ നിന്നും പുറത്താകുന്നത്.
പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്‌ചവെച്ച ഓസീസ് താരം ഒസ്‌മാൻ ഖവാജ
റാങ്കിംഗില്‍ ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പാക്കിസ്ഥാനെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ 97, 160, 44*, 91, 104 * എന്നിങ്ങനെയായിരുന്നു ഖവാജയുടെ ബാറ്റിംഗ്.
റാങ്കിങിൽ ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്ന്‍ ഒന്നാം സ്ഥാനത്തും സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്തും കെയ്ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനത്തുമാണ്. ജോ റൂട്ട്(4), ബാബര്‍ അസം(5), ദിമുത് കരുണരത്നെ(6), ഉസ്മാന്‍ ഖവാജ(7), രോഹിത് ശര്‍മ(8), ട്രാവിസ് ഹെഡ്(9)വിരാട് കോലി(10) എന്നിങ്ങനെയാണ് ആദ്യ പത്തിലെ സ്ഥാനങ്ങൾ.