Suryakumar Yadav: വെറും അഞ്ച് ബൗളര്‍മാരുമായി കളിക്കുമോ? സൂര്യയെ പ്ലേയിങ് ഇലവനിൽ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ഇങ്ങനെയൊരു റിസ്ക്ക് എടുക്കണം, തലപുകച്ച് ദ്രാവിഡും രോഹിത്തും

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലെ സൂര്യയുടെ പ്രകടനം ഏറെ പ്രശംസനീയമാണ്

രേണുക വേണു| Last Modified ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (10:47 IST)

Suryakumar Yadav: ലോകകപ്പിൽ സൂര്യകുമാർ യാദവിനെ പ്ലേയിങ് ഇലവനിൽ ഉള്‍പ്പെടുത്താന്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് ആലോചിച്ച് ടീം ഇന്ത്യ. വിരാട് കോലി, രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ എന്നിവർ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തുമ്പോള്‍ സൂര്യകുമാറിനെ കൂടി എങ്ങനെ ഉള്‍ക്കൊള്ളിക്കണം എന്ന കാര്യത്തിൽ ടീം മാനേജ്മെന്റിന് ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍ സൂര്യയെ ഒഴിവാക്കിയുള്ള ഒരു ഫോര്‍മുല ടീമിന് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനുണ്ട്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലെ സൂര്യയുടെ പ്രകടനം ഏറെ പ്രശംസനീയമാണ്. ഏകദിനത്തില്‍ താളം കിട്ടാതിരുന്ന സൂര്യ തുടര്‍ച്ചയായ രണ്ട് അര്‍ധ സെഞ്ചുറികളിലൂടെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്. സാഹചര്യത്തിനു അനുസരിച്ച് കളിക്കാന്‍ സൂര്യ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സൂര്യയ്ക്ക് ഏകദിനത്തില്‍ ഇനിയും അവസരങ്ങള്‍ നല്‍കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ട്വന്റി 20 യിലെ പോലെ ഹാര്‍ഡ് ഹിറ്റര്‍, ഫിനിഷര്‍ റോളിലേക്കാണ് സൂര്യയെ ഏകദിനത്തിലും പരിഗണിക്കുന്നത്. ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സൂര്യക്ക് അവസരം നല്‍കണമെന്ന നിലപാടിലാണ് പരിശീലകന്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും.


പക്ഷേ സൂര്യയെ എങ്ങനെ പ്ലേയിങ് ഇലവനില്‍ ഉള്‍ക്കൊള്ളിക്കും എന്ന കാര്യത്തില്‍ വിവിധ ഫോര്‍മുലകള്‍ അന്വേഷിക്കുകയാണ് ദ്രാവിഡും രോഹിത്തും. സൂര്യയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ അഞ്ച് ബൗളര്‍മാരുമായി ഇന്ത്യ കളിക്കേണ്ടി വരും. ജസ്പ്രീത് ബുംറ-മുഹമ്മദ് ഷമി-മുഹമ്മദ് സിറാജ് പേസ് ത്രയത്തെ ഇന്ത്യക്ക് ഉപയോഗിക്കാന്‍ പറ്റില്ല. സൂര്യ ഫിനിഷറായി എത്തുമ്പോള്‍ ഈ മൂന്ന് പേരില്‍ ഒരാളെ ബെഞ്ചില്‍ ഇരുത്തേണ്ടിവരും. മാത്രമല്ല അഞ്ച് ബൗളര്‍മാര്‍ക്ക് പുറമേ പാര്‍ട് ടൈം ആയി ഉപയോഗിക്കാന്‍ പറ്റിയ ഒരു ബൗളര്‍ പോലും ബാറ്റിങ് നിരയില്‍ ഇല്ല എന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്.

രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ഓപ്പണറായി എത്തുമ്പോള്‍ വിരാട് കോലി തന്നെയായിരിക്കും മൂന്നാമൻ. കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവർ യഥാക്രമം നാല് മുതൽ ഏഴ് വരെയുള്ള നമ്പറുകളിൽ എത്തും. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവരായിരിക്കും സ്പിന്നർമാർ. പേസർമാരായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും. ഇതിൽ നിന്ന് സൂര്യയെയോ ശ്രേയസിനെയോ ബെഞ്ചിൽ ഇരുത്തിയാൽ മുഹമ്മദ് ഷമിക്ക് പ്ലേയിങ് ഇലവനിൽ എത്താൻ സാധിക്കും. സൂര്യയെ ഫിനിഷർ റോളിലേക്ക് ആവശ്യമായതിനാൽ ശ്രേയസിനെ പുറത്തിരുത്തുക എന്ന ഓപ്ഷനായിരിക്കും ഇന്ത്യ തിരഞ്ഞെടുക്കുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :