Asia Cup 2022: ഇന്ത്യയും പാക്കിസ്ഥാനും ഉള്ള ഗ്രൂപ്പിലേക്ക് യോഗ്യത നേടി ഹോങ് കോങ്, ഏഷ്യാ കപ്പ് ശനിയാഴ്ച മുതല്‍

ഏഷ്യാ കപ്പിനായുള്ള ആറ് ടീമുകളുടെ പോരാട്ടം ഓഗസ്റ്റ് 27 മുതല്‍

രേണുക വേണു| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (08:39 IST)

Hong Kong Qualify for Asia Cup 2022: ഏഷ്യാ കപ്പിലേക്ക് യോഗ്യത നേടി ഹോങ് കോങ്. ഏഷ്യാ കപ്പ് ക്വാളിഫയറില്‍ യുഎഇയെ തോല്‍പ്പിച്ചാണ് ഹോങ് കോങ് യോഗ്യത നേടിയത്. ഇന്ത്യയും പാക്കിസ്ഥാനും ഉള്ള എ ഗ്രൂപ്പിലാണ് ഹോങ് കോങ് കളിക്കുക.

ഏഷ്യാ കപ്പിനായുള്ള ആറ് ടീമുകളുടെ പോരാട്ടം ഓഗസ്റ്റ് 27 മുതല്‍. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അഞ്ച് ടീമുകള്‍ക്കൊപ്പം ഹോങ് കോങ് ആറാം ടീമായി ക്വാളിഫൈ ചെയ്തു.

ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഇത്തവണ ഏഷ്യാ കപ്പ് പോരാട്ടം. ട്വന്റി 20 ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍. ഇന്ത്യ, പാക്കിസ്ഥാന്‍, ഹോങ് കോങ് എന്നിവരാണ് എ ഗ്രൂപ്പിലെ മൂന്ന് ടീമുകള്‍. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ബി ഗ്രൂപ്പ്.

ദുബായ് രാജ്യാന്തര സ്റ്റേഡിയം, ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ നടക്കുക. ശ്രീലങ്കയാണ് ആതിഥേയത്വം വഹിക്കുന്നത്. ഓഗസ്റ്റ് 27 ന് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുക. യുഎഇ സമയം വൈകിട്ട് ആറ് മണിക്കും. സെപ്റ്റംബര്‍ 11 ഞായറാഴ്ചയാണ് ഫൈനല്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :