2007, 2011 ലോകകപ്പുകളിലെ ഹീറോ യുവരാജായിരുന്നു, എന്നാല്‍ പി ആര്‍ ടീം മറ്റൊരാളെ ഹീറോയാക്കി: ഗൗതം ഗംഭീര്‍

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ജൂണ്‍ 2023 (21:27 IST)
ഇന്ത്യന്‍ ടീമിനേക്കാള്‍ ആളുകള്‍ക്ക് താത്പര്യം ചില വ്യക്തികളോടാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഓസ്‌ട്രേലിയ,ന്യൂസിലന്‍ഡ്,ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ വ്യക്തികളേക്കാള്‍ ടീമിന് പ്രാധാന്യം നല്‍കുമ്പോള്‍ ഇന്ത്യയില്‍ സ്ഥിതി വ്യത്യസ്തമാണെന്നും 2007, 2011 ലോകകപ്പ് ഹീറോ യുവരാജ് സിംഗായിരുന്നുവെന്നും എന്നാല്‍ പിആര്‍ ഏജന്‍സികള്‍ മറ്റൊരാളെ ഹീറോയാക്കി മാറ്റിയെന്നും ധോനിയുടെ പേര് പറയാതെ ഗംഭീര്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീറിന്റെ പ്രതികരണം.

യുവരാജ് എപ്പോഴും പറയുന്നത് ഞാന്‍ ലോകകപ്പ് നേടിയെന്നാണ്. എന്നാല്‍ 2007, 2011 ലോകകപ്പ് ഫൈനലുകളിലേക്ക് ഇന്ത്യന്‍ ടീമിനെയെത്തിച്ചത് യുവരാജ് സിംഗിന്റെ പ്രകടനങ്ങളായിരുന്നു. ആ രണ്ട് ലോകകപ്പുകളിലും ടൂര്‍ണമെന്റിന്റെ താരം യുവരാജ് ആയിരുന്നു. എന്നാല്‍ 2007, 2011 ലോകകപ്പുകളെ പറ്റി പറയുമ്പോള്‍ നമ്മള്‍ യുവരാജിന്റെ പേര് എടുത്തുപറയുന്നില്ല. പകരം ഒരാളെ പറ്റി മാത്രമാണ് പറയുന്നത്.

എന്തുകൊണ്ടാണ് ഇതിങ്ങനെ സംഭവിക്കുന്നത്? ഇത് പിആര്‍ വര്‍ക്ക്,മാര്‍ക്കറ്റിംഗ് മാത്രമാണ്. ഒരാളെ വലിയവനാക്കിയും മറ്റൊരാളെ നിസാരനാക്കിയും കാണിക്കുന്നു. പലരും ഇത് പറയില്ല, പക്ഷേ ഇതാണ് സത്യം. ഇത് ലോകത്തിന് മുന്നില്‍ വരേണ്ടതിനാലാണ് ഞാനിത് പറയുന്നത്. ഒരു ടീമിനോട് അഭിനിവേഷമുള്ള രാജ്യമല്ല നമ്മുടേത്. ഇവിടെ വ്യക്തികളോടാണ് ആളുകള്‍ക്ക് അഭിനിവേശം. ഗംഭീര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :