അഭിറാം മനോഹർ|
Last Modified ഞായര്‍, 17 ഡിസംബര്‍ 2023 (10:41 IST)
രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കി അവതരിപ്പിച്ചതോടെ വലിയ രോഷമാണ് ഫ്രാഞ്ചൈസിക്കെതിരെ ഉയരുന്നത്. നീണ്ട 10 വര്‍ഷക്കാലം ഫ്രാഞ്ചൈസി നായകനായി ടീമിനായി 5 ഐപിഎല്‍ കിരീടങ്ങള്‍ നേടികൊടുത്ത രോഹിത്തിന്റെ നായകസ്ഥാനത്ത് നിന്നുള്ള മാറ്റം സമൂഹമാധ്യമ പോസ്റ്റില്‍ ഒതുക്കിയ മുംബൈയുടെ രീതി ശരിയായില്ലെന്നും ഒരിക്കല്‍ തള്ളിപറഞ്ഞ ഹാര്‍ദ്ദിക് പാണ്ഡ്യയെ ടീം നായകനാക്കി മാറ്റിയതിലും ടീം ആരാധകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്.
അതിനാല്‍ തന്നെ ഹാര്‍ദ്ദിക് മുംബൈ നായകനായതോടെ ലക്ഷക്കണക്കിന് ആരാധകരെയാണ് മുംബൈയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നഷ്ടമായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം,ഫേസ്ബുക്ക്,എക്‌സ് പ്ലാറ്റ്‌ഫോമുകളിലായി 20 ലക്ഷത്തോളം ഫോളോവേഴ്‌സിനെയാണ് മുംബൈയ്ക്ക് നഷ്ടമായിരിക്കുന്നത്. മുംബൈ സമൂഹമാധ്യമങ്ങളില്‍ വലിയ തിരിച്ചടി നേരിട്ടപ്പോള്‍ പക്ഷേ ഇതില്‍ ഗുണമുണ്ടാക്കിയത് ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്. ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ നായകനായതിന് ശേഷമുള്ള 24 മണിക്കൂറിനുള്ളില്‍ ഒന്നര ലക്ഷം പേരാണ് സിഎസ്‌കെയുടെ സമൂഹമാധ്യമ അക്കൗണ്ട് ഫോളോവേഴ്‌സിലുണ്ടായ വര്‍ധനവ്. മുംബൈ വിട്ട രോഹിത് ആരാധകരാണ് ചെന്നൈയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നതെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.