രേണുക വേണു|
Last Modified ശനി, 23 ഒക്‌ടോബര്‍ 2021 (10:27 IST)
പരിശീലകന്‍ രവി ശാസ്ത്രിയും ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ മെന്റര്‍ മഹേന്ദ്രസിങ് ധോണിയും നായകന്‍ വിരാട് കോലിയും തമ്മില്‍ ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിനു കൃത്യമായ മറുപടി നല്‍കി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഏറെ ആലോചിച്ച ശേഷമാണ് ധോണിയെ മെന്റര്‍ ആയി തീരുമാനിച്ചതെന്നും ഇന്ത്യന്‍ ക്യാംപിനുള്ളില്‍ യാതൊരു പ്രശ്‌നങ്ങളും തങ്ങള്‍ കാണുന്നില്ലെന്നും ഗാംഗുലി പറഞ്ഞു.
'രവി ശാസ്ത്രി മുഖ്യ പരിശീലകനാണ്, വിരാട് നായകനും. ഇവരെ രണ്ട് പേരെയും സഹായിക്കുക എന്ന ചുമതലയാണ് ധോണിക്കുള്ളത്. ധോണി വളരെ പക്വതയുള്ള വ്യക്തിയാണ്. എവിടെ എന്ത് പറയണമെന്നും എപ്പോള്‍ പറയണമെന്നും ധോണിക്ക് നന്നായി അറിയാം. നമുക്ക് നല്ലത് പ്രതീക്ഷിക്കാം. ഈ ടൂര്‍ണമെന്റില്‍ മാത്രമേ ധോണി ടീമിനൊപ്പം ഉണ്ടായിരിക്കൂ. ഇവരെല്ലാവരും വലിയ താരങ്ങളാണ്. ഇവര്‍ക്കിടയില്‍ ഒരു പ്രശ്‌നവും ഞാന്‍ കാണുന്നില്ല,' ഗാംഗുലി പറഞ്ഞു.