jibin|
Last Updated:
ചൊവ്വ, 24 ഫെബ്രുവരി 2015 (15:37 IST)
ചിരിയോടെയുള്ള മുഖം കാണുക വളരെ അപൂര്‍വ്വമാണ്, ചിലപ്പോള്‍ സന്തോഷം അതിര് വിടും. അപ്പോള്‍ തന്റെ മാസ്‌റ്റര്‍ പീസായ ഗന്നം സ്‌റ്റൈല്‍ ഡാന്‍സിലൂടെ ആരാധകരെ കൈയിലെടുക്കും. ക്രീസിലാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാന്‍ വെമ്പലോടെ നില്‍ക്കുന്ന ആറടി നാലിഞ്ചുകാരന്‍, അതാണ് ക്രിസ്റ്റഫര്‍ ഹെന്റി ഗെയില്‍ എന്ന ക്രിസ് ഗെയില്‍.
സാമ്പത്തികമായി തകിടം മറിഞ്ഞ രാജ്യം. ഒരു കാലത്ത് ലോകക്രിക്കറ്റിനെ അടക്കിവാണിരുന്ന കരുത്തരുടെ രാജ്യമായ വെസ്‌റ്റ് ഇന്‍ഡീസിലെ ജമൈക്കയില്‍ നിന്നാണ് ക്രിസ് ഗെയില്‍ വരുന്നത്. 1979 സെപ്‌റ്റംബര്‍ 21ന് ജനിച്ച ഗെയില്‍ ക്രിക്കറ്റിലേക്ക് വന്നത് വളരെപ്പെട്ടെന്നാണ്. വിവ് റിച്ചാര്‍ഡ്സിന്റെയും ബ്രയാന്‍ ലാറയുടെയും മാസ്‌മരിക പ്രകടനത്തില്‍ കരീബിയന്‍ നാട് ഇളകി മറിഞ്ഞിരുന്ന സമയത്ത് ക്രിക്കറ്റിനോടുള്ള കമ്പം കൂടി.
ക്രിക്കറ്റിലേക്ക് ജീവിതം വഴിതിരിച്ചു വിട്ട ഗെയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ വരവറിയിച്ചു. അര്‍ദ്ധസെഞ്ചുറിയും സെഞ്ചുറിയും പതിവായി നേടുന്നതും ക്രിക്കറ്റ് കോപ്പി ബുക്കുകളില്‍ ഇല്ലാത്ത ഷോട്ടുകള്‍ കൂളായി കളിക്കുന്നതും ശ്രദ്ധയാകര്‍ഷിച്ചതോടെ വിന്‍ഡീസ് ടീമില്‍ എത്തി. 1999-ല്‍ സെപ്‌റ്റംബര്‍ പതിനൊന്നിന് സിംബാംബ്‌വെയ്ക്കെതിരെ ആദ്യമായി വിന്‍ഡീസ് കുപ്പായമണിഞ്ഞു. 2000-ല്‍ ഇന്ത്യക്കെതിരെ ടെസ്‌റ്റും കളിച്ചു.
പിന്നീടങ്ങോട്ട് വിന്‍ഡീസ് ക്രിക്കറ്റിലെ അഭിവാജ്യഘടകമായി മാറി ക്രിസ് ഗെയില്‍. ഏകദിനത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്‌മാന്‍ എന്ന വിശേഷണം വളരെ വേഗം തന്നെ അദ്ദേഹത്തിന് ചാര്‍ത്തി കിട്ടി. ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയ നാല് കളിക്കാരില്‍ ഒരാളായ ഗെയില്‍ 2005ല്‍ സൗത്ത് ആഫ്രിക്കക്കെതിരെ 317 റണ്‍സും. 2010ല്‍ ശ്രീലങ്കയ്ക്കെതിരെ 333 റണ്‍സും നേടി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ കളിക്കാരന്‍ കൂടിയാണ് ഈ വിന്‍ഡീസ് താരം. 2007ലെ ട്വന്റി - ട്വന്റി ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ നേടിയ 117 റണ്‍സ്, അന്താരാഷ്ട്ര 20 - 20യിലെ ഉയര്‍ന്ന മൂന്നാമത്തെ സ്കോറാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായ ഗെയില്‍ ഏറ്റവും വിനാശകരമായ താരവും കൂടിയാണ്.
103 ടെസ്‌റ്റ് കളിച്ച ഗെയില്‍ 42.14 ആവറേജില്‍ 7214 റണ്‍സാണ് അടിച്ചു കൂട്ടിയത്. ടെസ്‌റ്റില്‍ 333 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. എന്നാല്‍ ഏകദിനത്തിലാണ് ഈ ആറടിക്കാരന്‍ ഏറ്റവും അപകടകാരി. 265 ഏകദിനങ്ങളില്‍ നിന്ന് 36.71 ശരാശരിയില്‍ 8921 (ലോകകപ്പിന് മുമ്പുള്ളതാണ് ഈ റണ്‍) റണ്‍സാണ് അക്കൌണ്ടിലുള്ളത്. ബോളിംഗിലും മികവ് കാട്ടിയ വലംകൈ ഓഫ് ബ്രേക്ക് ബോളര്‍ ടെസ്‌റ്റില്‍ 103 കളികളില്‍ നിന്ന് 73 വിക്കറ്റുകള്‍ നേടിയപ്പോള്‍ ഏകദിനത്തില്‍ 265 മത്സരങ്ങളില്‍ നിന്ന് 159 വിക്കറ്റുകളും കരസ്ഥമാക്കി.
എന്നാല്‍ കഴിഞ്ഞ ആറ് മാസങ്ങളായി തന്റെ ഫോം മുഴുവന്‍ നഷ്‌ടമായ ഗെയില്‍ വിമര്‍ശനങ്ങളുടെ തോഴനായി തീരുകയായിരുന്നു. ലോകകപ്പ് ടീമില്‍ നിന്ന് മാറി നില്‍ക്കണമെന്ന ആവശ്യം വരെ ഉയരുകയും ചെയ്തു. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഡേവ് കാമറോണ്‍ തന്റെ ട്വിറ്ററിലൂടെ ഗെയിലിനോട് വിരമിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ച്ചയായി ബാറ്റിങ്ങില്‍ പരാജിതനായതോടെ തന്റെ വിശ്വാസ്യത സംരക്ഷിക്കാനെങ്കിലും ഗെയില്‍ കളിയില്‍ നിന്നും മാറിനില്‍ക്കണമെന്ന് ആരാധകരും ആവശ്യപ്പെട്ടു. കഴിഞ്ഞ 20 കളികളില്‍ ഒരു സെഞ്ച്വറി പോലും നേടാന്‍ ഗെയിലിന് കഴിഞ്ഞിട്ടില്ലെന്നതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ലോകകപ്പില്‍ ദുര്‍ബലരായ അയര്‍ലന്‍ഡിനെതിരെ 65 പന്ത് നേരിട്ട് നേടിയ 34 റണ്‍സ് നേടുകയും, കളിയില്‍ ടീം പരാജയപ്പെട്ടതോടെ വിമര്‍ശനം കഴുത്തൊപ്പമായി.
എന്നാല്‍ വിമര്‍ശനങ്ങളെ ഗാലറിയിലേക്ക് അടിച്ച് തെറിപ്പിച്ച് ഗെയില്‍ ലോകകപ്പില്‍ ഫോമിലേക്ക് എത്തി. തങ്ങളുടെ മൂന്നാം മത്സരത്തില്‍ സിംബാംബ്‌വെക്കെതിരെ നേടിയ 215 റണ്‍സ് വിമര്‍ശകര്‍ക്കുള്ള മറുപടിയാണ്. ആദ്യ നൂറ് നേടാന്‍ 103 പന്തുകള്‍ എടുത്തപ്പോള്‍ 200ലെത്താന്‍ വേണ്ടിവന്നത് 33 പന്തുകള്‍ മാത്രമാണ്. 147 പന്തുകള്‍ നേരിട്ട ഗെയില്‍ 10 ഫോറുകളും 16 സിക്‍സറകളും നേടിയാണ് തന്റെ കരുത്ത് വീണ്ടും ക്രിക്കറ്റ് ലോകത്തിന് കാണിച്ച് കൊടുത്തത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ വെസ്‌റ്റ് ഇന്‍ഡീസ് ടീമിനെയല്ല സാക്ഷാല്‍ ക്രിസ് ഗെയിലിനെയാണ് പേടിക്കേണ്ടതെന്ന് എല്ലാവര്‍ക്കും മനസിലാക്കി കൊടുക്കുകയായിരുന്നു ഗെയില്‍.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.