വിരാട് കോലി ടെസ്റ്റ് ക്യാപ്റ്റൻസിയിൽ നിന്നും മാറിയത് ക്രിക്കറ്റിന് വലിയ നഷ്ടം: ഇയോൻ മോർഗൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ജൂണ്‍ 2023 (20:43 IST)
ലോക ടെസ്റ്റ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയയോടേറ്റ തോല്‍വി കനത്ത ആഘാതമാണ് ഇന്ത്യന്‍ ക്രിക്കറ്റിന് സൃഷ്ടിച്ചിരിക്കുന്നത്. അശ്വിന്‍,ജഡേജ, പുജാര,രഹാനെ,വിരാട് കോലി,മുഹമ്മദ് ഷമി തുടങ്ങിയ ടെസ്റ്റ് ക്രിക്കറ്റിലെ വമ്പന്‍ താരങ്ങളെല്ലാം 35 വയസിനോട് അടുത്ത് പ്രായമായവര്‍ ആണെന്നിരിക്കെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഭാവി സമ്പന്നമാണെന്ന് തോന്നിപ്പിക്കുന്ന കളിക്കാരെയാരെയും സൃഷ്ടിച്ചെടുക്കാന്‍ ഇന്ത്യയ്ക്കായിട്ടില്ല. ശുഭ്മാന്‍ ഗില്ലും റിഷഭ് പന്തും മുഹമ്മദ് സിറാജും മാത്രമാണ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്ന താരങ്ങള്‍.

ഇന്ത്യന്‍ ടീം മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റ് തന്നെ വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് 2019ല്‍ ഇംഗ്ലണ്ടിനായി ഏകദിന ലോകകപ്പ് സ്വന്തമാക്കിയ ഇംഗ്ലണ്ട് മുന്‍ നായകന്‍ ഇയോന്‍ മോര്‍ഗന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ അഭാവം ടെസ്റ്റ് ക്രിക്കറ്റിന് തന്നെ നഷ്ടമാണെന്ന് മോര്‍ഗന്‍ പറയുന്നു.ടെസ്റ്റ് ക്രിക്കറ്റിനെ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയില്‍ കോലി വഹിച്ച പങ്ക് വലുതാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ നയകനെന്ന നിലയില്‍ കോലിയെ ഞാന്‍ മിസ് ചെയ്യുന്നു. ടെസ്റ്റ് ഫോര്‍മാറ്റിനെ കോലി എത്ര ഇഷ്ടപ്പെടുന്നുവെന്നും അതില്‍ എത്രത്തോളം അഭിനിവേശമുള്ളയാളാണെന്നും നമുക്കറിയാം. അതിനാല്‍ ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം കോലി ടെസ്റ്റ് ക്യാപ്റ്റന്‍സി വേണ്ടെന്ന് വെച്ച തീരുമാനം വലിയ നഷ്ടമാണ്. മോര്‍ഗന്‍ പറഞ്ഞു.

ഇതിന് മുന്‍പും നിരവധി മുന്‍താരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റിനെ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ കോലിയ്ക്കുള്ള പങ്കിനെ പറ്റി വാചാലരായിട്ടുണ്ട്. ഇന്ത്യയ്ക്കായി 58 ടെസ്റ്റ് മത്സരങ്ങളില്‍ നായകനായ കോലി 58.82 വിജയശതമാനത്തോടെ 40 വിജയങ്ങള്‍ നേടിയിട്ടുണ്ട്. 2023 ജനുവരിയിലാണ് കോലി ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :