അഭിറാം മനോഹർ|
Last Modified വെള്ളി, 24 മാര്‍ച്ച് 2023 (17:32 IST)
ടീമിലെ നിർണായക താരങ്ങൾക്ക് തുടർച്ചയായി പരിക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയ്ക്ക് ശക്തമായ താക്കീത് നൽകി ബിസിസിഐ. അഹമ്മദാബാദിൽ ഓസ്ട്രേലിയക്കെതിരെ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ പുറം വേദനയെ തുടർന്ന്
ശ്രേയസ് അയ്യർ പിന്മാറിയതിന് പിന്നാലെയാണ് എൻസിഎയ്ക്ക്
ബിസിസിഐ താക്കീത് നൽകിയത്.
ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിക്കിടെയായിരുന്നു പരിക്ക് മാറിയ ശ്രേയസ് അയ്യർ തിരികെ ടീമിലെത്തിയത്. എന്നാൽ പരമ്പരയിലെ നാലാം ടെസ്റ്റിൽ തന്നെ കഠിനമായ പുറം വേദനയെ തുടർന്ന് താരം കളം വിട്ടു. ഇതോടെ വരാനിരിക്കുന്ന ഐപിഎൽ അടക്കം നിർണായകമായ പല മത്സരങ്ങളും താരത്തിന് നഷ്ടപ്പെടുമെന്ന് ഉറപ്പായി. നേരത്തെ ഇന്ത്യൻ പേസറായ ജസ്പ്രീത് ബുമ്രയ്ക്കും സമാനമായ സാഹചര്യം നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് താരം ഇന്ത്യയ്ക്കായി അവസാനം കളിച്ചത്. പരിക്കിനെ തുടർന്ന് ടി20 ലോകകപ്പും ഏഷ്യാകപ്പും താരത്തിന് നഷ്ടമായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ മാസങ്ങൾ ചെലവഴിച്ചിട്ടും പരിക്ക് പ്രതീക്ഷിച്ച വേഗത്തിൽ മാറാതിരുന്നതോടെന്യൂസിലൻഡിൽ വെച്ച് താരം ശസ്ത്രക്രിയ നടത്തിയിരുന്നു.ശ്രേയസ് അയ്യരുടെ പരിക്കും സമാനമായ സ്ഥിതിയിലേക്ക് പോകവെയാണ് എൻസിഎയ്ക്ക് ബിസിസിഐ താക്കീത് നൽകിയിരിക്കുന്നത്.