ഇനി ക്രിക്കറ്റിലും ശത്രുക്കൾ: അർജന്റീനൻ വനിതകളെ 21 പന്തിൽ തോൽപ്പിച്ച് ബ്രസീൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 20 ഒക്‌ടോബര്‍ 2021 (21:19 IST)
ഫുട്‌ബോളിലെ ചിരവൈരികളാണ് അർജന്റീനയും ബ്രസീലും. ലാറ്റിനമേരിക്കയിലെ ശത്രുതയുടെ അലയൊലികൾ ലോകകപ്പ് സീസണുകളിൽ ഇങ്ങ് കേരളത്തിലും അലയടിക്കാറുണ്ട്. ഇത്തവണത്തെ കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ പോലും കേരളം രണ്ട് പക്ഷമായി അർജന്റീനയ്‌ക്കും ബ്രസീലിനും വേണ്ടി ആർപ്പ് വിളിച്ചിരുന്നു. ഇപ്പോളിതാ ഫുട്ബോളിലെ ശത്രുത ക്രിക്കറ്റ് മൈതാനങ്ങളിലേക്കും പടർന്നിരിക്കുകയാണ്.

രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സംഘടിപ്പിക്കുന്ന വനിതാ ട്വന്റി20 ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് അർജന്റീനയും ബ്രസീലും ഏറ്റുമുട്ടിയത്. ട്വന്റി20 ലോകകപ്പിന്റെ അമേരിക്കന്‍ ‍മേഖലയിലെ യോഗ്യതാ റൗണ്ടിലായിരുന്നു കൗതുകമുയർത്തുന്ന ഈ മത്സരം.മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത വനിതകൾ 11.2 ഓവറുകൾ ക്രീസിൽ നിന്നിട്ടും വെറും 12 റൺസ് മാത്രമാണെടുത്തത്.

മറുപടി ബാറ്റിങിനിറങ്ങിയ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെടുത്തിയെങ്കിലും 21 പന്തിൽ വിജയത്തിലെത്തി. മത്സരത്തിൽ ടോസ് നേടിയ ബ്രസീൽ വനിതകൾ അർജന്റീനയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. അർജന്റീനയ്ക്ക് വേണ്ടി വേറോനിക്ക വാസ്ക്വസ്, കാതലീന ഗ്രെലോണി, ടമാര ബാസിൽ എന്നിവർ 2 റൺസ് വീതം നേടി. മൂന്ന് അർജന്റീനൻ താരങ്ങൾ ഓരോ റൺസെടുത്ത് പുറത്തായപ്പോൾ 5 പേർ സംപൂജ്യരായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :