aparna shaji|
Last Modified തിങ്കള്‍, 25 ജൂലൈ 2016 (16:48 IST)
രാജമാണിക്യം എന്ന ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു അൻവർ റഷീദ് സിനിമാ ലോകത്തേക്ക് ചുവടെടുത്ത് വെച്ചത്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിൽ ഒന്നായിരുന്നു രാജമാണിക്യം. പിന്നീട് ഇരുവരും കൈകോർത്ത സിനിമയാണ് അണ്ണനും തമ്പിയും. അതും ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി. ഒന്നിച്ച രണ്ടു സിനിമകളും ഹിറ്റായതോടെ ഭാഗ്യ ജോഡികൾ എന്നു പേരും വീണു.
എന്തായാലും ഇരുവരും ഒരിക്കൽ കൂടി കൈകോർക്കുകയാണ്. ഇത്തവണ മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലാണ് മെഗാസ്റ്റാർ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. മുൻപത്തെ രണ്ടു ചിത്രത്തിന്റേയും നട്ടെല്ല് എന്നുപറയുന്നത് കോമഡിയായിരുന്നു. എന്നാൽ ഈ രണ്ടു ചിത്രത്തിൽ നിന്നും വ്യത്യസ്തമാണ് പുതിയ സിനിമയെന്നാണ് കേൾക്കുന്നത്.
ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. അണ്ണന്‍ തമ്പിയ്ക്ക് തിരക്കഥ എഴുതിയതും ബെന്നി പി നായരമ്പലാണ്. പാലേരി മാണിക്യത്തിന് ശേഷം മമ്മൂട്ടി മൂന്ന് വേഷത്തിലെത്തുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഏതായാലും ആരാധകർക്ക് ആഘോഷിക്കാനുള്ള വക ചിത്രത്തിൽ ഉണ്ടാകുമെന്നാണ് സിനിമാ പ്രേമികൾ വിശ്വസിക്കുന്നത്.