കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 19 ജനുവരി 2021 (19:43 IST)
അൽഫോൺസ് പുത്രൻ -
ഫഹദ് ഫാസിൽ ചിത്രം പാട്ട് ഒരുങ്ങുന്നു. സംഗീതത്തിന് പ്രാധാന്യമുള്ള സിനിമയിൽ നയൻതാരയാണ് നായികയായെത്തുന്നത്. വളരെ കാലമായി സംവിധായകൻ ഈ ചിത്രത്തിനുവേണ്ടിയുളള തയ്യാറെടുപ്പിലായിരുന്നു. നയൻതാരയും ഫഹദും അൽഫോൻസ് പുത്രനും ആദ്യമായാണ് ഒന്നിക്കുന്നത്.
ചിത്രത്തിനായി സംഗീതമൊരുക്കുന്നത് അൽഫോൺസ് പുത്രനാണ്. കഴിഞ്ഞ ദിവസം, പാട്ടിൻറെ റെക്കോർഡിങ് സെക്ഷനുകളിൽ നിന്ന് ഒരു ചിത്രം അദ്ദേഹം പങ്കുവെച്ചു. കൊച്ചിയിലെ ഓഡിയോജീൻ സൗണ്ട് സ്റ്റുഡിയോയിൽ നിന്ന് എടുത്ത ഫോട്ടോയിൽ നടൻ നീരജ് മാധവ്, ഛായാഗ്രാഹകൻ ആനന്ദ് സി ചന്ദ്രൻ തുടങ്ങിയവർ ഉണ്ടായിരുന്നു. അൽഫോൺസിന്റെ രചനയിൽ നീരജ് ഒരു റാപ്പ് സോങ് റെക്കോർഡുചെയ്‌തതായി തോന്നുന്നു.
പാട്ടിൽ ഛായാഗ്രാഹകനായി ആനന്ദ് സി ചന്ദ്രൻ ഉണ്ടാകും. അൽഫോൺസിന്റെ മുമ്പത്തെ രണ്ട് ചിത്രങ്ങളായ നേരം, പ്രേമം എന്നിവയിലും ആനന്ദ് ഉണ്ടായിരുന്നു. വിഷ്ണു ഗോവിന്ദും ശ്രീശങ്കറും സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യും. യുജിഎം എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ സക്കറിയ തോമസ്, ആൽവിൻ ആന്റണി എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.