നിഹാരിക കെ.എസ്|
Last Modified ചൊവ്വ, 18 മാര്‍ച്ച് 2025 (16:12 IST)
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് നടൻ മമ്മൂട്ടി ചെറിയൊരു ഇടവേള എടുത്തത്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിനിമയ്ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നും ചിത്രം ഇനി ഷൂട്ടിങ് പൂർത്തിയാക്കുന്നില്ലെന്നും പ്രചാരണം നടന്നു. ഇതെല്ലാം തള്ളി രംഗത്ത് വന്നിരിക്കുകയാണ് നിര്മാതാകകളിൽ ഒരാളായ സലിം റഹ്മാൻ.
ചിത്രത്തിനെതിരെയും മലയാളത്തിൻറെ മഹാനടൻ മമ്മൂട്ടിക്കെതിരെയും ചിലർ പ്രചരിപ്പിക്കുന്നത് അടിസ്ഥാന രഹിതമായ പ്രചാരണങ്ങൾ ആണെന്നും ഈ സിനിമയുമായി സഹകരിക്കുന്ന ചില നടന്മാരുടെ അസൗകര്യം മൂലം ഷെഡ്യൂളുകളിൽ ചില മാറ്റങ്ങൾ സംഭവിച്ചതിനാൽ ആണ് ഇപ്പോൾ ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുന്നതെന്നും റഹ്‌മാൻ പറയുന്നു.
ചിത്രത്തിൻറെ വിദേശ രാജ്യങ്ങളിലെ ഷെഡ്യൂളുകളും ഡൽഹി ഷെഡ്യൂളും പൂർത്തീകരിച്ച് മാർച്ച് അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രം സാമ്പത്തിക പ്രതിസന്ധിയും നടൻ മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലവും ഇനി പുനരാരംഭിക്കുന്നില്ലെന്നുമുള്ള പ്രചാരണം തെറ്റാണെന്നും റഹ്‌മാൻ വ്യക്തമാക്കി. മലയാളിക്കും മലയാള സിനിമ ഇൻഡസ്ട്രിക്കും അഭിമാനിക്കാവുന്നതരത്തിൽ നിനിമ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ തുടരെയുള്ള വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത കാലാവസ്ഥയിലുള്ള ഷെഡ്യൂളുകൾ അഭിനേതാക്കളിൽ പലർക്കും മനുഷ്യ സഹജകമായി സംഭവിക്കുന്ന, ഉണ്ടാകാവുന്ന ചില ശാരീരിക അസ്വസ്ഥകൾ ഉണ്ടായിട്ടുണ്ടെന്നും അത്തരം പ്രശ്നം മാത്രമാണ് മമ്മൂക്കയ്ക്കും ഉണ്ടായതെന്ന് റഹ്‌മാൻ പറയുന്നു. അതിനെ പൊടിപ്പും തൊങ്ങലും വച്ച് ആ പ്രിയപ്പെട്ട നടനെ വേദനിപ്പിക്കും വിധം അസത്യങ്ങൾ നിറഞ്ഞ വാർത്തകൾ വാർത്തകൾ പടച്ചുവിടുന്നവരും സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നവരെല്ലാം ആ നടനോടും മലയാളികളോടും ചെയ്യുന്ന പൊറുക്കാൻ കഴിയാത്ത ക്രൂരതയാണെന്നും റഹ്‌മാൻ ഓർമിപ്പിക്കുന്നു.