രണ്ട് കോടി കേറ്റി പറയട്ടേയെന്ന് മധുരരാജ പ്രൊഡ്യൂസർ; ഒള്ളത് പറഞ്ഞാ മതി,തള്ളേണ്ടന്ന് മമ്മുക്ക

ചിത്രത്തില്‍ സണ്ണി ലിയോണിയുടെ കഥാപാത്രത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ കണ്ടാല്‍ മനസിലാകുമെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

Last Updated: തിങ്കള്‍, 8 ഏപ്രില്‍ 2019 (10:32 IST)
സിനിമയുടെ പ്രമോഷനിടെ ബജറ്റ് കൂട്ടിപ്പറയാന്‍ ശ്രമിച്ച നിര്‍മ്മാതാവിനെ പിന്തിരിപ്പിച്ച് മമ്മൂട്ടി. മൂവിമാന്‍ യുട്യൂബ് ചാനല്‍ സംഘടിപ്പിച്ച പ്രമോഷന്‍ പരിപാടിയ്ക്കിടെയാണ് സംഭവം. പോക്കിരി രാജയെ അപേക്ഷിച്ചുനോക്കുമ്പോള്‍ കുറച്ചുകൂടി വലിയ സിനിമയാണ് മധുരരാജയെന്ന് നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ് പറഞ്ഞു.

മധുരരാജ എല്ലാ പ്രൊഡക്ഷന്‍ വര്‍ക്കും കഴിഞ്ഞ് 27 കോടി രൂപയായി. ഇതാണ് അതിന്റെ സത്യം. ഇത് തള്ളലൊന്നും അല്ല. കറക്റ്റ് 27 കോടി, നെൽസൺ ഐപ്പ് പറഞ്ഞു.ഇതിനിടെ ചിരിച്ചുകൊണ്ട് ഇടപെട്ട മമ്മൂട്ടി തന്നോട് നെല്‍സണ്‍ ഐപ്പ് കൂട്ടിപറയട്ടേയെന്ന് ചോദിച്ച കാര്യം പറഞ്ഞു. എന്റെയടുത്ത് രണ്ട് കൂട്ടിപ്പറഞ്ഞു ആദ്യം. എന്നോട് ചോദിച്ചു ഒരു മുപ്പത് പറയട്ടെ? ഞാന്‍ പറഞ്ഞു. ഒള്ളത് പറഞ്ഞാല്‍ മതി. അതേ ഇവർ വിശ്വസിക്കൂ, മമ്മൂട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.

ചിത്രത്തില്‍ സണ്ണി ലിയോണിയുടെ കഥാപാത്രത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ കണ്ടാല്‍ മനസിലാകുമെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഇതൊരു ഉദാത്തമായ കഥയാണ് എന്ന് പറയുന്നില്ല. ഈ സിനിമയുടെ കഥാ പശ്ചാത്തലത്തിന് അവരുടെ സാന്നിധ്യവും പാട്ടും എത്രത്തോളം ചേരുമെന്ന് നിങ്ങള്‍ കണ്ട് തീരുമാനിക്കേണ്ടതാണെന്നും മമ്മൂട്ടി പറഞ്ഞു.

ഒരുപാട് തലങ്ങളുണ്ടെങ്കിലും ഒരുപാട് വൈകാരിക തലങ്ങളുള്ള സിനിമയാണ് എന്നൊന്നും അവകാശപ്പെടുന്നില്ല. രസകരമായ സിനിമയാണ്. സീരീസുകളായി സിനിമ വരുമ്പോള്‍ ആവര്‍ത്തന വിരസത ഉണ്ടാകുമെന്ന് പറയാറുണ്ട്. പക്ഷെ കുറച്ചുകൂടി നന്നാക്കി അവതരിപ്പിക്കാനുള്ള അവസരമാണ് ഇതെന്ന് ഞാന്‍ കരുതുന്നു. എല്ലാ തരത്തിലുള്ള സിനിമകളോടും ആഭിമുഖ്യമുള്ള നടനാണ് താനെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 12നാണ് പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജ തിയേറ്ററുകളില്‍ എത്തുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :