മഹാദേവ് ബെറ്റിംഗ് ആപ്പ് കേസ്, രണ്‍ബീര്‍ കപൂറിന് പിന്നാലെ കൂടുതല്‍ ബോളിവുഡ് താരങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി

അഭിറാം മനോഹർ| Last Modified വെള്ളി, 6 ഒക്‌ടോബര്‍ 2023 (14:01 IST)
മഹാദേവ് ബെറ്റിംഗ് ആപ്പ് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്ക്. നടന്‍ രണ്‍ബീര്‍ കപൂറിന് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമന്‍സ് അയച്ചതിന് പിന്നാലെയാണ് അന്വേഷണം കൂടുതല്‍ താരങ്ങളിലേക്ക് ഇ ഡി വ്യാപിപ്പിക്കുന്നത്. അതേസമയം ഇ ഡിക്ക് മുന്നില്‍ ഹാജരാകാന്‍ രണ്ടാഴ്ചത്തെ സമയമാണ് രണ്‍ബീര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നടനും ടിവി അവതാരകനുമായി കപില്‍ ശര്‍മ, നടിമാരായ ഹിനാ ഖാന്‍, ഹുമാ ഖുറേഷി എന്നിവര്‍ക്കാണ് ഇ ഡി പുതുതായി സമന്‍സ് അയച്ചിരിക്കുന്നത്. ഇവരോട് ഉടന്‍ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. മഹാദേവ് ആപ്പിന് പ്രചാരം നല്‍കിയെന്നതാണ് ഹുമാ ഖുറേഷിക്കും ഹിനയ്ക്കും സമന്‍സ് നല്‍കാനുള്ള കാരണം. അതേസമയം ആപ്പിന്റെ വിജയാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് കപില്‍ ശര്‍മ പങ്കെടുത്തതാണ് കപിലിനെതിരായ സമന്‍സിന് കാരണം. മഹാദേ ആപ്പിന് പ്രചാരം നല്‍കുകയും പ്രമോട്ടര്‍മാരില്‍ നിന്നും പണം വാങ്ങുകയും ചെയ്തതിനെ തുടര്‍ന്നാണ് രണ്‍ബീര്‍ കപൂറിന് ഇ ഡി സമന്‍സ് അയച്ചത്.

കാര്‍ഡ് ഗെയിമുകള്‍,ക്രിക്കറ്റ്,ടെന്നീസ്,ഫുട്‌ബോള്‍ എന്നിങ്ങനെ തത്സമയ ഗെയിമുകളില്‍ അനധികൃത ബെറ്റിംഗ് നടത്തുന്നതിനുള്ള പ്ലാറ്റ്‌ഫോമാണ് മഹാദേവ് ഓണ്‍ലൈന്‍ ബുക്കിങ് ആപ്പ്. ദിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകറും രവി ഉപ്പലുമാണ് ഇതിന്റെ പ്രമോട്ടര്‍മാര്‍. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ ആപ്പ് വഴി 5,000 കോടി രൂപയോളം സമ്പാദിച്ചതായാണ് ഇ ഡിക്ക് ലഭിക്കുന്ന വിവരം. കേസില്‍ ടൈഗര്‍ ഷ്രോഫ്, സണ്ണി ല്ലിയോണി തുടങ്ങിയ മുന്‍നിര ബോളിവുഡ് താരങ്ങളും ഇ ഡി നിരീക്ഷണത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കേസില്‍ ഇതുവരെ നാലുപേരാണ് അറസ്റ്റിലായത്. എന്നാല്‍ മുഖ്യപ്രതികളായ സൗരവ് ചന്ദ്രകാര്‍, രവി ഉപ്പല്‍ എന്നിവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇവരെ പിടികൂടാനായി റെഡ് കോര്‍ണര്‍ നോട്ടീ പുറപ്പെടുവിക്കാനുള്ള നീക്കങ്ങള്‍ ഇ ഡി ആരംഭിച്ചിട്ടുണ്ട്



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :