Premalu Success: മലയാള സിനിമയോട് അസൂയയുണ്ട്, തുറന്ന് പറഞ്ഞ് രാജമൗലി

അഭിറാം മനോഹർ| Last Modified വ്യാഴം, 14 മാര്‍ച്ച് 2024 (18:41 IST)
ആര്‍ആര്‍ആര്‍, ബാഹുബലി എന്നീ സിനിമകളോടെ ഇന്ത്യന്‍ സിനിമയില്‍ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത സംവിധായകനാണ് എസ് എസ് രാജമൗലി. ഇന്ത്യയിലെ തന്നെ ഏറ്റവും പേരെടുത്ത സംവിധായകനാണെങ്കിലും തനിക്ക് മലയാളം സിനിമയോട് അസൂയയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രാജമൗലി. പ്രേമലു എന്ന മലയാള സിനിമയുടെ തെലുങ്ക് പതിപ്പിന്റെ വിജയാഘോഷ ചടങ്ങിലാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്. രാജമൗലിയുടെ മകനായ കാര്‍ത്തികേയയായിരുന്നു പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് പുറത്തിറക്കിയത്.

മലയാള സിനിമയില്‍ എക്കാലത്തും മികച്ച അഭിനേതാക്കള്‍ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ മലയാള സിനിമയോട് തനിക്ക് വലിയ അസൂയയാണുള്ളതെന്ന് രാജമൗലി പറഞ്ഞു. പ്രേമലുവിലെ അഭിനേതാക്കളെ പുകഴ്ത്തുന്നതിനിടെയാണ് മലയാള സിനിമ മികച്ച അഭിനേതാക്കളെ എല്ലാകാലവും സൃഷ്ടിക്കുന്നതായി രാജമൗലി പറഞ്ഞത്. പ്രേമലുവിലെ നായിക മമിത ബൈജുവിന് സായ് പല്ലവി, ഗീതാഞ്ജലി എന്ന സിനിമയിലൂടെ പ്രശസ്തയായ ഗിരിജ എന്നിവരെ പോലെ തെലുങ്കില്‍ വലിയ സാധ്യതയുണ്ടെന്നും രാജമൗലി പറഞ്ഞു.

സംവിധായകന്‍ ഗിരീഷ് എ ഡിയേയും സിനിമയിലെ നായകനായ നസ്ലീനെയും രാജമൗലി പ്രത്യേകം അഭിനന്ദിച്ചു. മാര്‍ച്ച് 8ന് തെലുങ്ക് പതിപ്പെത്തിയ ശേഷം 2 കോടി രൂപയോളം സിനിമയുടെ തെലുങ്ക് പതിപ്പ് സ്വന്തമാക്കിയിരുന്നു. തെലുങ്കില്‍ മികച്ച പ്രതികരണം നേടിയതോടെ 100 കോടി ക്ലബ് എന്ന നേട്ടവും സിനിമ സ്വന്തമാക്കി. കേരളത്തില്‍ നിന്നും മാത്രം 50 കോടിയാണ് സിനിമ കളക്ട് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :