ചിപ്പി പീലിപ്പോസ്|
Last Modified ചൊവ്വ, 26 നവംബര്‍ 2019 (11:58 IST)
എണ്‍പതുകളില്‍ വെള്ളിത്തിരയിലേക്കെത്തിയ താരങ്ങള്‍ ഓര്‍മ്മകള്‍ പുതുക്കി കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു. എല്ലാ വർഷം ഇവർ ഒരു സ്ഥലത്ത് ഒത്തുകൂടാറുള്ളതാണ്. തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ് ഇത്തവണത്തെ ഒത്തുകൂടല്‍ നടന്നത്. മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍, ജയറാം, പാര്‍വതി, ശോഭന, റഹമാന്‍ തുടങ്ങിയവര്‍ റീ യൂണിയനില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ മമ്മൂട്ടിയുടെ അസാന്നിദ്ധ്യം ഇത്തവണയും ആരാധകരെ നിരാശരാക്കിയിരുന്നു. ഇപ്പോഴിതാ റീ യൂണിയനില്‍ മമ്മൂട്ടി പങ്കെടുക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി സുഹാസിനി.
‘ഒരു പ്രധാനപ്പെട്ട ബോര്‍ഡ് മീറ്റിംഗുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായിരുന്നു. അടുത്ത വര്‍ഷം അദ്ദേഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടിയായി സുഹാസിനി പറഞ്ഞു.
സൗഹൃദസംഗമത്തിന്റെ പത്താം വാര്‍ഷികമായിരുന്നു ഇത്തവണത്തേത്. 2009 – ല്‍ സുഹാസിനി മണിരത്‌നവും ലിസിയും ചേര്‍ന്നാണ് ഇത്തരമൊരു റീ യൂണിയന്‍ ആരംഭിച്ചത്. 80കളിൽ തെന്നിന്ത്യയിൽ തിളങ്ങിയ എല്ലാ താരങ്ങളും റീയൂണിയനിൽ പങ്കെടുക്കാറുണ്ട്.