ഓസ്‌കർ അവാർഡിനുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് 2018 പുറത്തായി
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 22 ഡിസംബര്‍ 2023 (09:14 IST)
2024ലെ ഓസ്‌കർ അവാർഡിനുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് 2018 പുറത്തായി. മികച്ച രാജ്യാന്തര സിനിമ വിഭാഗത്തിലെ നാമനിർദേശത്തിനായാണ് ഈ മലയാള ചിത്രം മത്സരിച്ചത്. രണ്ടാംഘട്ടത്തിലേക്ക് തെരഞ്ഞെടുത്ത ലിസ്റ്റിൽ 15 ചിത്രങ്ങളാണ് ഉള്ളത്. ഇതിൽ നിന്നും 2018 പുറത്താക്കുകയായിരുന്നു.ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻഹൈമറും പുറത്തായി.വിഷ്വൽ ഇഫ്കറ്റ്‌സ് വിഭാഗത്തിലെ നാമനിർദേശത്തിനായാണ് ഓപ്പൻഹൈമർ മത്സരിച്ചത്.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനൊ തോമസ്, ആസിഫ് അലി കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തില്‍ നിന്ന് ആദ്യമായി 200 കോടി ക്ലബ്ബില്‍ തൊട്ടതും 2018 തന്നെയാണ്.കേരളക്കര 2018ല്‍ അനുഭവിച്ച പ്രളയത്തിന്റെ കഥയാണ് സിനിമ പറഞ്ഞത്. കേരളത്തിന് പുറത്തും 2018 ശ്രദ്ധിക്കപ്പെട്ടു. തെലുങ്ക് നാടുകളില്‍ നിന്ന് 10 കോടിയിലധികം സിനിമ നേടി.തമിഴിലും കന്നഡയിലും ഹിന്ദിയിലും മൊഴിമാറ്റി ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചു.സോണി ലിവിലാണ് ചിത്രം ഒ.ടി.ടി റിലീസായത്.