ഷങ്കര്‍ - രജനീകാന്ത് കൂട്ടുകെട്ട് വീണ്ടും: ‘യന്തിരന്‍ 2’ !

WEBDUNIA|
PRO
‘കൊച്ചടിയാന്‍’ ഏപ്രില്‍ 11ന് പ്രദര്‍ശനത്തിനെത്തുകയാണ്. രജനീകാന്തിന്‍റെ ഈ അനിമേഷന്‍ ചിത്രത്തിന്‍റെ വിജയസാധ്യതകള്‍ കടുത്ത രജനി ആരാധകര്‍ പോലും വലിയ ചര്‍ച്ചയാക്കുന്നില്ല. കാരണം, അതൊരു അനിമേഷന്‍ ചിത്രമാണ് എന്നതുതന്നെ. സൂപ്പര്‍സ്റ്റാറിന്‍റെ അടുത്ത സിനിമ ഏതായിരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

രജനീകാന്ത് തന്‍റെ അടുത്ത ചിത്രം ഷങ്കറിനെ ഏല്‍പ്പിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. ‘യന്തിരന്‍ 2’ ആയിരിക്കും ഈ സിനിമയെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. ‘ഐ’ എന്ന സിനിമയുടെ റിലീസ് കഴിഞ്ഞാലുടന്‍ തുടങ്ങാന്‍ പാകത്തില്‍ യന്തിരന്‍ 2ന്‍റെ സ്ക്രിപ്റ്റ് ഷങ്കര്‍ തയ്യാറാക്കി വച്ചിട്ടുണ്ടെന്നാണ് വിവരം.

ശിവാജി, യന്തിരന്‍ എന്നീ ബ്ലോക്ക് ബസ്റ്ററുകളാണ് നേരത്തേ രജനീകാന്തിനെ നായകനാക്കി ഷങ്കര്‍ സൃഷ്ടിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ രജനീകാന്തിന് ഏറ്റവും വിശ്വാസമുള്ള സംവിധായകരുടെ നിരയിലാണ് ഷങ്കറിന്‍റെ സ്ഥാനം.

എന്നാല്‍, രജനീകാന്ത് തന്‍റെ മറ്റൊരു ഫേവറിറ്റ് ഡയറക്ടറായ കെ എസ് രവികുമാറുമായി കൈകോര്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ‘റാണ’ എന്ന പ്രൊജക്ട് പൊടിതട്ടിയെടുക്കാന്‍ രവികുമാര്‍ ശ്രമിച്ചേക്കും. ഷങ്കറിനെപ്പോലെ തന്നെ രജനീകാന്തുമായി ചേര്‍ന്നപ്പോഴൊക്കെ രവികുമാറും മെഗാഹിറ്റുകള്‍ നല്‍കിയിട്ടുണ്ട്. മുത്തു, പടയപ്പ എന്നിവയായിരുന്നു രജനി - രവികുമാര്‍ ടീമിന്‍റെ മുന്‍ സിനിമകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :