ലൈംഗികത എന്ന വാക്കിന്‍റെ അര്‍ത്ഥം പോലും അറിയാത്ത പ്രായത്തില്‍ ലൈംഗികമായി പീഡിക്കപ്പെടുക സാമാന്യമനസിന് ഒരിയ്ക്കലും അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും കഴിയില്ല.
നഗരത്തിലെ ഉന്നതന്‍ ചെറുമകളുടെ പ്രായംപോലുമില്ലാത്ത കുരുന്നിനെ പീഡിപ്പിയ്ക്കുക, മൂന്നു വയസുകാരിയെ ഏതാനും വയസിന് വ്യത്യാസമുള്ള അയല്‍വാസി പീഡിപ്പിയ്ക്കുക. ഒരിയ്ക്കലും കേട്ടു കേഴ്വി പോലുമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ പത്രതാളുകളില്‍ നിറയുന്പോള്‍ ഒരു നിമിഷം അന്തിച്ചു നിന്നുപോകുന്നു മനുഷ്യമനസ്സ്..
ബാലവേല, കുരുന്നുകളെ ഭിക്ഷയ്ക്കായി ഉപയോഗിക്കുന്ന റാക്കറ്റുകള്‍ എന്നിവയായിരുന്നു മുന്‍പ് നഗരജീവിതത്തിലെ അലട്ടുന്ന പ്രശ്നങ്ങള്‍. ഇപ്പോള്‍ പുരോഗമിച്ച് നമ്മള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വീണ്ടുമൊരു ശിശുദിനം കൂടി കടന്നുപോകുന്പോള്‍ ചര്‍ച്ച ചെയ്യേണ്ട പുതിയൊരു വിഷയമായി മാറുകയാണ് കുട്ടികളുടെ ഇടയിലെ ലൈംഗിക പീഡന കഥകള്‍.
വികസിത രാജ്യങ്ങളിലെ ലൈംഗിക അവബോധം, ജീവിതശൈലിയിലെ മാറ്റങ്ങളും കുട്ടികള്‍ക്കിടയില്‍ ലൈംഗിക ജിജ്ഞാസ കൂട്ടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് പല രീതിയിലും കുരുന്നുകളെ വഴിതെറ്റിക്കുന്നുമുണ്ട്. നിയമപരമായ നിയന്ത്രണങ്ങളുണ്ടെങ്കിലും കുറെ മാസങ്ങള്‍ക്കുള്ളില്‍ എട്ടിനും പതിമൂന്നിനുമിടയില്‍ പ്രായം വരുന്ന കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള എത്രയോ റിപ്പോര്‍ട്ടുകള്‍.
നിഷ്കളങ്കമായ പ്രായത്തില്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് മാനസിക വളര്‍ച്ചയെത്തന്നെ മുരടിപ്പിയ്ക്കുന്നു. സമൂഹ നിന്ദ, എല്ലാത്തിനോടും ഭയം, എല്ലാ കുട്ടികളില്‍ നിന്നും താന്‍ വിഭിന്നമെന്ന ബോധം തുടങ്ങിയവ പീഡനത്തിനിരയായ കുഞ്ഞുങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിയ്ക്കുന്നു. ശലഭങ്ങളെപ്പോലെ പാറിപറന്ന് നടക്കുന്ന പ്രായത്തില്‍ ഈ കുരുന്നുകളെ കശക്കിയെറിയുന്ന മൃഗീയതയ്ക്ക് ഒരു രീതിയിലും മാപ്പ് അനുവദിയ്ക്കാന്‍ കഴിയില്ല.