മലയാള സിനിമ കണ്ട ഏറ്റവും സമര്‍ത്ഥനായ സംവിധായകന്‍ ആര് എന്ന് ചോദിച്ചാല്‍ മലയാളി വിരല്‍ ചൂണ്ടുന്നത് കറുത്ത കണ്ണടവച്ച ഒരു തിരുവനന്തപുരത്തുകാരന്‍റെ നേര്‍ക്കാണ്. അന്താരാഷ്ട്ര പ്രശസ്തനായ മലയാളി! പ്രിയദര്‍ശന്‍!
മലയാളത്തിന്‍റെ മണിരത്നം എന്ന് സിനിമാവൃത്തങ്ങളില്‍ വിശേഷണമുള്ള ഏവരുടെയും പ്രിയപ്പെട്ട പ്രിയന്‍.
മെഗാഹിറ്റുകളുടെ പെരുമഴ തീര്‍ത്ത പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്‍റെ പുതിയ ചിത്രമായ കിളിച്ചുണ്ടന്‍ മാമ്പഴവും വിജയത്തിന്‍റെ ചരിത്രമെഴുതി.
ലൈബ്രേറിയനായിരുന്ന കെ. സോമന്‍ നായരുടെയും കെ. രാജമ്മയുടെയും മകനായി 1957 ജനുവരി 30-ാം തീയതി തിരുവോണം നക്ഷത്രത്തിലാണ് പ്രിയദര്‍ശന്‍ ജനിച്ചത്.
തിരുവനന്തപുരം മോഡല്‍ സ്കൂള്‍, എം.ജി. കോളജ്, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആകാശവാണിയില്‍ ഇംഗ്ളീഷ് പരിപാടികളുടെ പ്രൊഡ്യൂസറായിരുന്നു.
നവോദയയുടെ പടയോട്ടം എന്ന സിനിമയിലൂടെയാണ് പ്രിയദര്‍ശന്‍ ചലച്ചിത്രലോകത്തെത്തുന്നത്. 1983ല്‍ എം. മണിയുടെ കുയിലിനെത്തേടി എന്ന സിനിമയ്ക്ക് തിരക്കഥയെഴുതി.
1984ല്‍ പൂച്ചയ്കൊരു മുക്കൂത്തി എന്ന ചിത്രത്തിലൂടെ സംവിധായകനായി. മൂക്കുത്തി വന്‍ വിജയമായതോടെ പ്രിയദര്‍ശന്‍റെ കാലം തുടങ്ങി. ആ വര്‍ഷം തന്നെ ഓടരുതമ്മാവാ ആളറിയാം പുറത്തുവന്നു. പ്രിയദര്‍ശനും മോഹന്‍ലാലും ഒത്തു ചേരുന്ന ആദ്യചിത്രം പൂച്ചയ്ക്കൊരു മുക്കൂത്തിയാണ്.
പുന്നാരം ചൊല്ലിച്ചൊല്ലി, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, പറയാനും വയ്യ പറയാതിരിക്കാനും വയ്യ, ഒന്നാം കുന്നില്‍ ഓരടിക്കുന്നില്‍, ബോയിംഗ് ബോയിംഗ്, അരം+അരം=കിന്നരം, ഹലോ മൈഡിയര്‍ റോംഗ് നമ്പര്‍, രാക്കുയിലിന്‍ രാഗസദസില്‍, കടത്തനാടന്‍ അമ്പാടി, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, അക്കരെയക്കരെയക്കരെ, ചെപ്പ്, വെള്ളാനകളുടെ നാട്, ധീം തരികിട തോം, അയല്‍വാസി ഒരു ദരിദ്രവാസി, ആര്യന്‍, അഭിമന്യൂ, ചിത്രം, വന്ദനം, കിലുക്കം, അദ്വൈതം, മിഥുനം, തേന്മാവിന്‍ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ, കാലാപാനി, മേഘം, രാക്കിളിപ്പാട്ട്, കാകക്കുയില്‍ , കിളിച്ചുണ്ടന്‍ മാമ്പഴം തുടങ്ങി അമ്പതോളം മലയാള ചിത്രങ്ങള്‍ പ്രിയദര്‍ശന്‍റേതായി പുറത്തുവന്നു.