എന്നെ വിലക്കിയാല്‍ ഞാന്‍ അഭിനയം മതിയാക്കും, മുമ്പ് ഈ കളി തിലകന്‍‌ചേട്ടനോടായിരുന്നു: കലാഭവന്‍ മണി

കലാഭവന്‍ മണി, പാപനാശം, ജീത്തു ജോസഫ്, കമല്‍ഹാസന്‍, മോഹന്‍ലാല്‍
Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (16:23 IST)
കലാഭവന്‍ മണിക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി അടുത്തിടെ വാര്‍ത്ത വന്നിരുന്നു. ‘ദൈവം സാക്ഷി’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയ ശേഷം അഭിനയിക്കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ് വിലക്ക്. എന്നാല്‍ വിലക്ക് താന്‍ കാര്യമാക്കുന്നില്ലെന്ന രീതിയിലാണ് മണിയുടെ പ്രതികരണങ്ങള്‍.

“മുമ്പ് ഈ കളി തിലകന്‍ ചേട്ടനോടായിരുന്നു. ഇപ്പോള്‍ എന്നോടാണ്. തിലകന്‍ ചേട്ടന്‍ ഉന്നയിച്ച ആരോപണങ്ങളൊന്നും ഞാന്‍ ഉന്നയിക്കില്ല. ഇവര്‍ വിലക്കുതുടരുകയാണെങ്കില്‍ ഞാന്‍ പരസ്യമായി പറയും, സിനിമാഭിനയമേ ഞാന്‍ മതിയാക്കുകയാണെന്ന്. അല്ലാതെ കരഞ്ഞുകൊണ്ടിരിക്കാന്‍ എന്നെ കിട്ടില്ല” - ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മണി തുറന്നടിക്കുന്നു.

“മണി നല്ല താഴ്വേരുള്ള മരമാണ്. അങ്ങനെ എളുപ്പം കുത്തിമറിച്ചിടാമെന്ന് ആരും കരുതേണ്ട” - മണി വ്യക്തമാക്കുന്നു.

“ഒരു സിനിമയും ചെയ്യാത്ത ഒരാളാണ് എനിക്കെതിരെയുള്ള പരാതിക്കാരന്‍. മറുമലര്‍ച്ചി എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗിനിടെ തെങ്ങില്‍ നിന്നുവീണ് എനിക്ക് പരുക്കുപറ്റി. അതുകൊണ്ടാണ് ആ സിനിമയില്‍ അഭിനയിക്കാന്‍ പറ്റാതിരുന്നത്. അഡ്വാന്‍സ് തിരിച്ചുതരാമെന്ന് പറഞ്ഞതാണ്. അതല്ലെങ്കില്‍ കുറച്ചുനാള്‍ കാത്തിരിക്കൂ, എന്‍റെ കാലൊന്ന് ശരിയാവട്ടെ എന്നുപറഞ്ഞു. പക്ഷേ, പുള്ളിക്കാരന്‍ നേരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി കൊടുത്തു. അവര്‍ എന്നെ വിലക്കുകയും ചെയ്തു” - മണി വെളിപ്പെടുത്തി.

ദൈവം സാക്ഷിയെന്ന സിനിമയുടെ നിര്‍മ്മാതാവ് സ്നേഹജിത്തിന് നഷ്ടപരിഹാരം നല്‍കിയ ശേഷം മാത്രം കലാഭവന്‍ മണിയെ ഇനി സിനിമയില്‍ അഭിനയിപ്പിച്ചാല്‍ മതിയെന്നാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

“മലയാളത്തില്‍ മാത്രമാണ് സിനിമ കുറച്ചത്. മറ്റുഭാഷകളില്‍ നിന്ന് ഇഷ്ടം പോലെ ഓഫര്‍ വരുന്നുണ്ട്. ചെയ്യുന്നുമുണ്ട്. സാമ്പത്തികമായി ഒരു ക്ഷീണവും എനിക്കുണ്ടായിട്ടില്ല. പിന്നെ, ഇതൊക്കെ ഒരു ടൈമല്ലേ? നമ്മുടെ സമയം കഴിഞ്ഞു എന്ന് കരുതിയാല്‍ പ്രശ്നം തീര്‍ന്നു. എന്നുവേണമെങ്കിലും വീട്ടില്‍ തിരിച്ചെത്താം എന്ന വിശ്വാസത്തോടുതന്നെയാണ് സിനിമയില്‍ ഇറങ്ങിയത്” - കലാഭവന്‍ മണി നയം വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :