അപര്‍ണ|
Last Modified വ്യാഴം, 15 മാര്‍ച്ച് 2018 (14:30 IST)
ഏതൊരു മനുഷ്യന്റേയും ഉയര്‍ച്ചക്കും തളര്‍ച്ചക്കും പിന്നില്‍ അവന്‍റെ നാവിന് വലിയ പങ്കുണ്ട്. ശബ്ദത്തെ സരസ്വതിയുടെ വരപ്രസാദമായി ഹിന്ദുക്കള്‍ കരുതുന്നു. സരസ്വതി കൃപ ധാരാളം ഉള്ളവര്‍ക്കാണ് ശബ്ദസൗകുമാര്യവും വാക്‌സമ്പത്തും ലഭിക്കുമെന്നാണ് ഹിന്ദുമതക്കാരുടെ വിശ്വാസം.
ഇന്ദ്രിയങ്ങളുടെ എല്ലാം ഗുണം കൂടുതല്‍ ബോധ്യമാകുന്നത് അവ ഇല്ലാത്ത അവസ്ഥ തിരിച്ചറിയുമ്പോഴാണ്. കര്‍മ്മേന്ദ്രിയം എന്ന നിലയില്‍ നാവിന് വിശ്രമം കൊടുക്കുന്ന വ്രതമാണ് മൗന വ്രതം. സംസാരം എന്ന ഭൗതിക കര്‍ത്തവ്യം നിശ്ചിത സമയത്തേക്ക് ഉപേക്ഷിക്കുന്നത് മനുഷ്യന് അവന്റെ ഉള്ളിലേക്ക് നോക്കാനുള്ള അവസരമാണ്.
മൗനം വിദ്വാന് ഭൂഷണമാണ്. മൗനം മധുരമാണ്, നൊമ്പരമാണ്, വിഷാദമാണ്. എന്നാലും മൗനം വാചാലമാണ്. അനിര്‍വ്വചനീയമാണ്. ആശ്വാസമാണ്. ഊര്‍ജ്ജത്തിന്റെ ഉറവിട കേന്ദ്രവുമാണ്. ഇരുളില്‍ നിന്ന് പ്രകാശം ജനിച്ചതു പോലെ മൗനത്തില്‍ നിന്നാണ് ശബ്ദവുമുണ്ടായത്. മൗനം നമുക്ക് ശാന്തിയും സമാധാനവും തരുന്നു. സംസാരം എന്ന ഭൗതിക കര്‍ത്തവ്യം നിശ്ചിത സമയത്തേക്ക് ഉപേക്ഷിക്കുകയെന്നത് മനുഷ്യന് അവന്റെ ഉള്ളിലേക്ക് നോക്കാനുള്ള ഒരു അവസരം കൂടിയാണ്.
കുറച്ചു നേരത്തെ മൗനത്തിനു ശേഷം മൗനം നിര്‍ത്തുമ്പോള്‍ നമുക്ക് അനുഭവപ്പെടുന്ന ഒരുതരം അനുഭൂതി നമുക്ക് പറഞ്ഞറിയിക്കുവാന്‍ കഴിയുന്നതല്ല. മനുഷ്യഗണത്തിന് തന്നെ മൌനവ്രതം നല്ലതാണെന്ന് ആചാര്യന്മാര്‍ പറയുന്നു.
ഇന്ദ്രിയ നിരാസത്തിലൂടെ മനസിന് ഏകാഗ്രതയും ശക്തിയും ലഭിക്കുന്നു എന്നാണ് ആചാര്യന്മാര്‍ പറഞ്ഞു വച്ചിരിക്കുന്നത്. ഇത് അദ്വൈതമായൊരു പദ്ധതിയാണ്. അഞ്ച് കര്‍മ്മേന്ദ്രിയങ്ങളേയും നിയന്ത്രിക്കുന്നത് ഐശ്വര്യവും ശാന്തിയും കൈവരാന്‍ സഹായിക്കുന്നു.
നിശ്ചിത ദിവസങ്ങളില്‍ മൗനം അചരിക്കുന്നതോടൊപ്പം പാകം ചെയ്ത ഭക്‍ഷണം ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും മാത്രം കഴിക്കുന്നത് ശരീര ശുദ്ധിയുണ്ടാവുന്നതിനും പ്രാണ ശക്തി മെച്ചപ്പെടുത്തുന്നതിനും അത്യുത്തമമാണ്.
മൌന വ്രതം അനുഷ്ഠിക്കുന്നത് ദാരിദ്ര്യം അകറ്റുന്നതിന് ഉത്തമമാണെന്നും വിശ്വാസമുണ്ട്. സൂര്യന്‍ അസ്തമിച്ച് ഉദിക്കുന്നതു വരെയുള്ള പന്ത്രണ്ട് മണിക്കൂറാണ് മൗനവ്രതമായി ആചരിക്കുന്നത്.
ചൊവ്വാ, വെള്ളി, ശനി ദിവസങ്ങളിലോ, കറുത്തവാവു മുതല്‍ വെളുത്തവാവു വരെയുള്ള രാത്രികളിലോ,ചന്ദ്രഗ്രഹണത്തിന് തലേ ദിവസം മുതലുള്ള രാത്രികളില്‍ തുടര്‍ച്ചയായി പത്ത് ദിവസമോ, സൂര്യഗ്രഹണത്തിന്‍റെ മൂന്ന് ദിവസം മുമ്പ് മുതല്‍ തുടര്‍ച്ചയായ പതിനെട്ട് ദിവസമോ മൗനവ്രതം ആചരിക്കാം.