സ്പെയിന്‍ കൊമ്പുകുത്തി, ആഫ്രിക്കയും

ഡര്‍ബന്‍| WEBDUNIA|
PRO
യൂറോപ്പിന്‍റെ കാളക്കൂറ്റന്‍‌മാരായ സ്പെയിനിനെ കൊമ്പുകുത്തിച്ച് സ്വിറ്റ്സര്‍‌ലന്‍ഡ് പത്തൊമ്പതാം ലോകകപ്പിലെ ആദ്യ അട്ടിമറിക്ക് ഉടമകളായി. 52 ആം മിനുറ്റില്‍ ഗെല്‍‌സണ്‍ ഫെര്‍ണാണ്ടസ് സ്പെയിന്‍ വലയില്‍ നിക്ഷേപിച്ച ഗോള്‍ അവസാന വിസില്‍ വരെ വീട്ടാകടമായി കടന്നു. സ്പെയിനിന്‍റെ എണ്ണമറ്റ ഗോള്‍ശ്രമങ്ങള്‍ക്കും സ്വിറ്റ്സര്‍ലന്‍ഡിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഒന്നര മണിക്കൂറിനും ശേഷം തലകുനിച്ചു സ്പെയിന്റെ താരനിര കളമിറങ്ങി.

ഫെര്‍ണാണ്ടോ ടോറസ്‌, ഡേവിഡ്‌ വിയ്യ, സാവി ഹെര്‍ണാണ്ടസ്‌, ആന്ദ്രേ ഇനിയെസ്റ്റ, കാര്‍ലോസ്‌ പ്യുയോള്‍ തുടങ്ങിയ വമ്പന്‍‌ന്‍‌മാരെല്ലാമുണ്ടായിട്ടും ഗോളടിക്കാന്‍ സ്പെയിന്‍ മറന്നുപോയി. കളിച്ചതും കളി നിയന്ത്രിച്ചതും പന്ത് കൈവശം വെച്ചതും ഗോളിലേക്കു തൊടുത്തതുമൊക്കെ ചെമ്പട തന്നെയായിരുന്നു. എന്നാല്‍ ഗോളടിച്ചത് സ്വിറ്റസര്‍ലന്‍ഡ് ആയിപ്പോയി. സ്പെയിന്‍റെ എണ്ണമറ്റ ഷോട്ടുകളെല്ലാം സ്വിസ് ഗോളി ഡിയേഗോ ബെനാഗ്ലിയോയേ നമിച്ചു മടങ്ങി.

ഡേവിഡ് വില്ലയെ മുന്‍നിര്‍ത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു സ്പെയിന്‍ തുടക്കം മുതലേ. മൂന്നാംമിനിറ്റില്‍തന്നെ ഫ്രീകിക്കുമായി സ്പെയിന്‍ തുളച്ചുകയറേണ്ടതായിരുന്നു. ഗോള്‍മണമുള്ള 'സാവിക്കിക്ക്‌ വരാനിരിക്കുന്ന ഗോള്‍മഴയുടെ തുടക്കമായി സ്പെയിന്‍ ആരാധകര്‍ കരുതി. പക്ഷെ കളി തീരുമ്പോഴും നിറകണ്ണുകളോടെ വിതുമ്പാനായിരുന്നു ആരാധകര്‍ക്കു വിധി.

മറ്റൊരു മത്സരത്തില്‍ ഉറുഗ്വേയ്ക്കെതിരെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ തലകുനിച്ച് മടങ്ങാനായിരുന്നു ദക്ഷിണാഫ്രികയുടെ വിധി. അലറിവിളിക്കുന്ന ആയിരക്കണക്കിന് വുവുസെലകളെ നിശബ്ദമാക്കി ഉറുഗ്വേ മൂന്നുവട്ടം ആഫ്രിക്കന്‍ വലയില്‍ പന്തെത്തിച്ചു. ഇരട്ടഗോളുമായി തിളങ്ങിയ ഡിയേഗോ ഫോര്‍ലാനായിരുന്നു ഉറുഗ്വേയുടെ താരം. എണ്ണം പറഞ്ഞൊരു ഫീല്‍ഡ്‌ ഗോളും പിഴവില്ലാത്ത പെനല്‍റ്റി കിക്കും ഫോര്‍ലാന്‍ ലക്ഷ്യത്തിലെത്തിച്ചു. 24, 80 മിനിറ്റുകളിലായിരുന്നു ഫോര്‍ലാന്റെ ഗോളുകള്‍.

94ആം മിനിറ്റില്‍ അല്‍വാരോ പെരേര പട്ടിക പൂര്‍ത്തിയാക്കി. അതിനിടെ ലൂയിസ്‌ സുവാരസിനെ ഫൗള്‍ ചെയ്‌തതിന്‌ ചുവപ്പ്‌ കാര്‍ഡ്‌ കണ്ട്‌ ഗോളി ഇറ്റുമെലങ്ങ്‌ ഖുനെ പുറത്തായത്‌ ദക്ഷിണാഫ്രിക്കയ്ക്ക്‌ മറ്റൊരു തിരിച്ചടിയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :