സെലക്ടര്‍മാരെ ദക്ഷിണാഫ്രിക്ക പുറത്താക്കി

ജൊഹ്നാ‍സ്ബര്‍ഗ്| WEBDUNIA|
PRO
കോച്ച് മിക്കി ആര്‍തര്‍ രാജിവെച്ചതിനു പിന്നാലെ മൈക് പ്രോക്ടറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പാനലിനെ ക്രിക്കറ്റ് സൌത്താഫ്രിക്ക പുറത്താക്കി. മോശം പ്രകടനത്തെ തുടര്‍ന്നാണ് പുറത്താക്കുന്നു എന്നാണ് ക്രിക്കറ്റ് സൌത്താഫ്രിക്ക നല്‍കിയ വിശദീകരണമെന്ന് സെലക്ഷന്‍ കമ്മിറ്റി കണ്‍‌വീനര്‍ മൈക് പ്രോക്ടര്‍ ടാക് റേഡിയോയോട് പറഞ്ഞു. ബോര്‍ഡിന്‍റെ തീരുമാനം സെലക്ടര്‍മാരെ ഞെട്ടിച്ചുവെന്നും പ്രോക്ടര്‍ വ്യക്തമാക്കി.

നായകന്‍ ഗ്രെയിംസ് സ്മിത്തുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് കോച്ച് മിക്കി ആര്‍തര്‍ രാജിവെച്ചതെന്ന് പ്രോക്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലൊരു ഭിന്നതയും നിലനില്‍ക്കുന്നില്ലെന്ന് പ്രോക്ടര്‍ പറഞ്ഞു.

ദേശീയ ടീമില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന ‘ക്വാട്ടാ സമ്പ്രദായ’വും സെലക്ടര്‍മാരുടെ പുറത്താക്കലും ആര്‍തറുടെ രാജിയും തമ്മില്‍ ബന്ധമുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെലക്ടര്‍മാരെ പുറത്താക്കിയതിനു പിന്നില്‍ ക്വാട്ടാ സമ്പ്രദായത്തിന് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡാണ് മറുപടി പറയേണ്ടതെന്ന് പ്രോക്ടര്‍ പറഞ്ഞു.

മുന്‍ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൌളര്‍ കോറി വാന്‍ സീലിനെ മിക്കി ആര്‍തറിനു പകരം താല്‍ക്കാലിക പരിശീലകനായി ക്രിക്കറ്റ് സൌത്താഫ്രിക്ക ഇന്നലെ നിയമിച്ചിരുന്നു. അടുത്ത മാസം ഇന്ത്യക്കെതിരെയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ അടുത്ത പരമ്പര. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :