ലോകകപ്പ് സ്പെയിനിലേക്കെന്ന് സിദാന്‍

പാരിസ്| WEBDUNIA|
PRO
ഇത്തവണ ലോകകപ്പ് സ്പെയിനിലേക്ക് പറക്കുമെന്ന് മുന്‍ ഫ്രഞ്ച് നായകന്‍ സിനദിന്‍ സിദാന്‍. ഹൃദയം കൊണ്ട് പറയുകയാണെങ്കില്‍ കിരീടം ഫ്രാന്‍സോ എന്‍റെ മാതൃരാജ്യമായ അല്‍ജീരിയയോ നേടണമെന്നാണ് അഗ്രഹം. എന്നാല്‍ യുക്തിപരമായി ചിന്തിച്ചാല്‍ കിരീടം യൂറോപ്യന്‍ ചാമ്പ്യന്‍‌മാരായ സ്പെയിന്‍ കരസ്ഥമാക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് ജനീവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സിദാന്‍ പറഞ്ഞു.

സ്പെയിന്‍ കപ്പ് നേടുമെന്ന് പറയാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്നും സിദാന്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്പെയിന്‍ അത് ലോകത്തിനു മുന്നില്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സ്പെയിനിന് ഒരു മികച്ച ടീമുണ്ട്. ഇത്തവണ സ്പെയിന്‍ ദക്ഷിണാഫ്രിക്കയില്‍ ചരിത്രമെഴുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്-സിദാന്‍ പറഞ്ഞു.

1998ലും 2000ലും ഫ്രാന്‍സ് പുറത്തെടുത്ത പ്രകടനമാണ് സ്പെയിനിന്‍റെ കളി കാണുമ്പോള്‍ എനിക്കോര്‍മ വരുന്നത്. 2008ല്‍ അവര്‍ യൂറോപ്യന്‍ കപ്പ് നേടി. പിന്നെ എന്തുകൊണ്ട് ലോക കിരീടം നേടിക്കൂടാ എന്നും സിദാന്‍ ചോദിച്ചു.

കഴിഞ്ഞ ലോകകപ്പില്‍ സിദാന്‍ നയിച്ച ഫ്രാന്‍സ് സ്പെയിനിനെ സെമിയില്‍ കീഴടക്കിയാണ് ഫൈനലിന് യോഗ്യത നേടിയത്. ഇപ്പോള്‍ റയല്‍ മാഡ്രിഡ് ക്ലബ്ബിന്‍റെ സാങ്കേതിക ഉപദേശകനായി പ്രവര്‍ത്തിക്കുകയാണ് സിദാന്‍. ലോകത്തിലെ ഒന്നാം നിര ഫുട്ബോള്‍ ലീഗിന് ഉടമകളാണെങ്കിലും ഓരോ തവണയും വമ്പന്‍ പ്രതീക്ഷയുണര്‍ത്തുന്ന സ്പെയിനിന് ഇതുവരെ ലോകകിരീടത്തില്‍ മുത്തമിടാനായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :