ബിസിസിഐ നടപടി കളിക്കാരുടെ മനോഭാവം മാറ്റി

ധാംബുള്ള| WEBDUNIA|
PRO
ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കാരുടെ കളിയോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ ബി സി സി ഐ നല്‍കിയ കര്‍ശനനിര്‍ദേശം ഫലപ്രദമാകുന്നുവെന്ന് സൂചന. ഇത് ഏഷ്യാ കപ്പില്‍ പങ്കെടുക്കുന്ന ടീമിന്‍റെ ക്യാമ്പിലും പ്രതിഫലിക്കുന്നുണ്ടെന്ന് ടീമിനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. ട്വന്‍റി-20 ലോകകപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീം അംഗങ്ങളേക്കാള്‍ അല്‍‌പ്പം കൂടി ഗൌരവക്കാരായ കളിക്കാരുടെ നിരയെയാണ് ഏഷ്യാകപ്പിനിടെ കാണാന്‍ കഴിയുന്നത്.

കളിക്കാരുടെ ശരീരഭാഷയിലും ഈ വ്യത്യാസം പ്രകടമാണ്. പരിശീലന സെഷനുകളില്‍ കഠിന പരിശീലനത്തിനും കായികക്ഷമത നിലനിര്‍ത്താനും കളിക്കാ‍ര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ഇതിനെല്ലാം പുറമെ ക്രിക്കറ്റ് ലോകത്തിനുമുന്നില്‍ തങ്ങള്‍ ചിലത് തെളിയിക്കാന്‍ ഉറച്ചുതന്നെയാണ് കളിക്കാര്‍ ഇറങ്ങുന്നതെന്നും ടീംവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ട്വന്‍റി-20 ലോകകപ്പ് ദുരന്തത്തിനുശേഷം ഉണ്ട്‍ായ രൂക്ഷപ്രതികരണങ്ങള്‍ കളിക്കാരെ വല്ലാതെ ഉലച്ചുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരായ മത്സരം ജയിച്ചതിനുശേഷം ടീം ബസ്സില്‍ ഹോട്ടലിലേക്ക് മടങ്ങിയ ഇന്ത്യന്‍ ടീം ബസ് പകുതിവഴിയ്ക്ക് നിര്‍ത്തി രണ്ട് കിലോമീറ്റര്‍ ഓടിയാണ് ഹോട്ടലിലെത്തിയത്.

ടീമിലെ മിക്ക താരങ്ങള്‍ക്കും ദുര്‍മേദസ്സാണെന്ന കോച്ച് ഗാരി കിര്‍സ്റ്റന്‍റെ റിപ്പോര്‍ട്ട് പലതാരങ്ങളെയും നാണക്കേടിലാക്കിയിരുന്നു. ഇതു കുറയ്ക്കാനുളള നടപടിയുടെ ഭാഗമായിരുന്നു ഓട്ടം. ഇതിനെല്ലാം പുറമെ ടീം മാനേജ്‌മെന്‍റ് നിശ്ചയിക്കുന്ന ഭക്ഷണക്രമം പാലിക്കാനും സോഫ്റ്റ് ഡ്രിം‌ഗ്സുകള്‍ക്ക് പകരം ഇളനീര്‍ ശീലമാക്കാനും കളിക്കാര്‍ തയ്യാറായിയെന്നും ടീം ക്യാമ്പില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്തായാലും യുവരാജ്‌ സിംഗ് പോയതോടെയാണ് ടീമില്‍ അച്ചടക്കം തിരിച്ചെത്തിയതെന്നും അണിയറ സംസാരമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :