ഇന്ത്യന്‍ ടീം ധാക്കയിലേക്ക് തിരിച്ചു

മുംബൈ| WEBDUNIA| Last Modified ശനി, 2 ജനുവരി 2010 (10:39 IST)
PRO
ഐഡിയ കപ്പ് ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്‍റിനാ‍യി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ധാക്കയിലേക്ക് തിരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ടീം ബംഗ്ലാദേശിലേക്ക് തിരിച്ചത്. ടൂര്‍ണ്ണമെന്‍റിന് ശേഷം ബംഗ്ലാദേശുമായി രണ്ട് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ കളിക്കും.

തിങ്കളാഴ്ചയാണ് ഐഡിയ കപ്പ് ആരംഭിക്കുന്നത്. ഇന്ത്യയെയും ബംഗ്ലാദേശിനെയും കൂടാതെ ശ്രീലങ്കയാണ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ ടീം. ചൊവ്വാഴ്ച ലങ്കയുമായിട്ടാണ് ഇന്ത്യയുടെ ആദ്യമത്സരം. പതിനേഴു മുതല്‍ ഇരുപത്തിയൊന്ന് വരെയാണ് ബംഗ്ലാദേശുമായുള്ള ആദ്യ ടെസ്റ്റ് നടക്കുക. 24 മുതല്‍ 28 വരെയാണ് രണ്ടാം ടെസ്റ്റ്. ആദ്യ ടെസ്റ്റിന് ചിറ്റഗോംഗും രണ്ടാം ടെസ്റ്റിന് ധാക്കയുമാണ് വേദിയാകുക.

ഐഡിയ കപ്പില്‍ സച്ചിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. സച്ചിന് പകരം രോഹിത് ശര്‍മ്മയെ ആണ് ടീ‍മില്‍ എടുത്തിരിക്കുന്നത്. എന്നാല്‍ ടെസ്റ്റില്‍ സച്ചിന്‍ കളിക്കും. ലെഗ് സ്പിന്നര്‍ അമിത് മിശ്രയും പേസര്‍ അശോക് ദിന്‍ഡയും പതിനാറംഗ സ്ക്വാഡില്‍ ഉണ്ട്.

ബൌളിംഗ് പരിശീലകന്‍റെ അഭാവം ഇന്ത്യന്‍ ടീമിനെ നന്നായി ബാധിക്കുന്നുണ്ടെന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു. ബംഗ്ലാദേശിലേക്ക് തിരിക്കും മുമ്പ് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ധോണി. ഒരു സ്പെഷ്യലിസ്റ്റ് പരിശീ‍ലകന് ബൌളര്‍മാരുടെ കഴിവ് കണ്ടെത്താന്‍ കഴിയുമെന്നും മെച്ചപ്പെട്ട രീതിയില്‍ കളിക്കാരന്‍റെ കഴിവുകള്‍ വിനിയോഗിക്കാന്‍ കഴിയുമെന്നും ധോണി ചൂണ്ടിക്കാട്ടി.

ബൌളിംഗ് കോച്ചായിരുന്ന വെങ്കടേഷ് പ്രസാദിനെ പുറത്താക്കിയതോടെയാണ് ഇന്ത്യയ്ക്ക് ബൌളിംഗ് കോച്ച് ഇല്ലാതായത്. ഫീല്‍ഡിംഗും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ധോണി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :